പ്രകൃതിദുരന്തം മൂലം സര്‍വതും നഷ്ടപ്പെട്ട് പെരുവഴിയിലും ദുരിതാശ്വാസ ക്യാമ്പിലും കഴിയുന്ന പതിനായിരക്കണക്കിന് പാവങ്ങള്‍ക്ക് ദുരിതാശ്വാസ സഹായം സമയബന്ധിതമായി നല്കുന്നതില്‍ പിണറായി സര്‍ക്കാര്‍ കുറ്റകരമായ വീഴ്ച വരുത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ദുരിതാശ്വാസ സഹായത്തിന് വര്‍ഷങ്ങളായി കാത്തിരിക്കുന്നവരുടെ ദയനീയാവസ്ഥ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണം. ഇത്തവണയെങ്കിലും പ്രളയബാധിതര്‍ക്ക് സമയബന്ധിതമായി സഹായം എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
2018 മഹാപ്രളയത്തിലെ ദുരിതാശ്വാസ ധനസഹായം ഇതുവരെ എല്ലാവര്‍ക്കും ലഭ്യമായിട്ടില്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. അന്ന് പ്രഖ്യാപിച്ച നാമമാത്രമായ 10000 രൂപയ്ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി പലരും മടുത്തു. ധനസഹായം ലഭിക്കാന്‍ അതിനേക്കാള്‍ വലിയ തുക ചെലവാക്കേണ്ട അവസ്ഥയാണ്. ഇതിനെല്ലാം പുറമെയാണ് സിപിഎം നേതാക്കളുടെ പ്രളയ ഫണ്ട് തട്ടിപ്പ്.
2020 ല്‍ 66 പേര്‍ മരിച്ച പെട്ടിമുടിയിലെ 20 ഓളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ഏറെ വൈകിയാണ് ലഭിച്ചത്. സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടിയാണ് (അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്)മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞത്. 59 പേര്‍ മരിച്ച കവളപ്പാറയിലും 12 പേര്‍ മരിച്ച പുത്തുമലയിലും ഇതുവരെ പുനരധിവാസം പൂര്‍ത്തിയാക്കിയില്ല. കവളപ്പാറ ദുരന്തത്തിലെ 32 കുടുംബങ്ങള്‍ക്ക് രണ്ടു വര്‍ഷം ദുരിതാശ്വാസ ക്യാംപില്‍ കഴിയേണ്ടി വന്നു.
പ്രളയ ദുരിതാശ്വാസ ധനസഹായ ഫണ്ടിന്റെയും റീ ബില്‍ഡ് കേരളയുടെയും പേരില്‍ ശതകോടികള്‍ പിരിച്ചെടുത്തിട്ടാണ് സര്‍ക്കാര്‍ ധനസഹായത്തിനായി ദുരിതബാധിതര്‍ക്ക് നെട്ടോട്ടമോടേണ്ടി വന്നത്.
കേരളത്തില്‍ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശത്തും നീര്‍ത്തടത്തോട് ചേര്‍ന്നും 5924 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മൂന്നിലൊന്നു പോലും
നിയമാനുസൃതമല്ല. 2018ലെ മഹാപ്രളയത്തിനുശേഷം പോലും 223 ക്വാറികള്‍ക്ക് പിണറായി സര്‍ക്കാര്‍ അനുമതി നല്കി. കൂടാകെ ജനവാസമേഖല,വനപ്രദേശം എന്നിവയുടെ സമീപത്ത് ക്വാറി പ്രവര്‍ത്തിക്കാനുള്ള ദൂരപരിധി 50 മീറ്ററായി കുറച്ചു നല്‍കുകയും ചെയ്തു. എത്ര കൊണ്ടാലും പഠിക്കില്ല എന്നതാണ് പിണറായി സര്‍ക്കാരിന്റെ പിടിവാശി.
2696 രാജകീയ മരങ്ങള്‍ കാട്ടുകള്ളന്മാര്‍ വെട്ടിക്കൊണ്ടുപോയി കാട് വെടിപ്പാക്കിയപ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നിന്നു. പ്രതികളെ രക്ഷിക്കാന്‍ എല്ലാ സൗകര്യവും ചെയ്തു കൊടുത്തു. മരങ്ങള്‍ വെട്ടിവീഴ്ത്തുന്നത് മണ്ണൊലിപ്പിനും പ്രളയത്തിനും വഴിയൊരുക്കുമെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാമെങ്കിലും സര്‍ക്കാരിന്റെ കണ്ണുതുറക്കില്ല.
2018 ലെ ലെ പ്രളയത്തിന് ശേഷം നെതര്‍ലന്‍ഡ്‌സില്‍പ്പോയി നദികളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ പലതും പഠിച്ചെന്നും അവ ഉടനേ കേരളത്തില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. ഇതുവരെ ഒന്നും നടപ്പാക്കിയതായി കാണുന്നില്ല. അതൊരു വിനോദ സഞ്ചാര യാത്രയായിരുന്നോ എന്നു ജനങ്ങള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. 2018 ലെ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്നതിന്റെ പരോക്ഷ കുറ്റസമ്മതം കൂടിയാണ് കഴിഞ്ഞ ദിവസം ഡാം തുറക്കലുമായി ബന്ധപ്പെട്ട് കെഎസ്ഇബി പുറപ്പെടുവിച്ച പ്രസ്താവനയെന്നും സുധാകാരന്‍ ചൂണ്ടിക്കാട്ടി.