പത്തുവർഷം കഴിഞ്ഞ കെട്ടിട നിർമ്മാണ പെർമിറ്റുകളുടെ കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ ജില്ലാതല കമ്മറ്റികൾ രൂപീകരിക്കാൻ ചട്ടങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്താൻ നിർദേശിച്ചുവെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
നേരത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും ചീഫ് ടൗൺപ്ലാനർ കൺവീനറുമായ അഞ്ചംഗസമിതിയാണ് കാലാവധി നീട്ടി നൽകാനുള്ള അപേക്ഷകൾ പരിഗണിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കാലതാമസം വരികയും കെട്ടിട നിർമാതാക്കൾക്ക് ബുദ്ധിമുട്ടുവരികയും ചെയ്യുന്നുവെന്ന പരാതികൾ പരിഗണിച്ചാണ് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നത്. നിക്ഷേപങ്ങളെയും സംരംഭങ്ങളേയും പ്രോത്സാഹിപ്പിക്കുക എന്ന സർക്കാരിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗം കൂടിയാണ് പുതിയ മാറ്റമെന്ന് മന്ത്രി വ്യക്തമാക്കി.
പത്ത് വർഷത്തെ കാലാവധി കഴിയുന്ന പെർമിറ്റുകളുടെ സമയപരിധി ദീർഘിപ്പിക്കുന്നതിനായി കെട്ടിട നിർമ്മാണ ചട്ടം 58 പ്രകാരം ജില്ലാ ടൗൺ പ്ലാനറെ കൺവീനറാക്കിയും ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടീവ് എൻജിനിയർ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ എൻജിനിയർ എന്നിവരെ അംഗങ്ങളാക്കിയും ജില്ലാതല കമ്മറ്റികൾ രൂപീകരിക്കുകയാണ് ചെയ്യുന്നത്. ഈ കമ്മറ്റികളുടെ മുന്നിലേക്കെത്തുന്ന അപേക്ഷകളിൽ 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ചീഫ് ടൗൺപ്ലാനർ കൺവീനറായ കമ്മിറ്റിക്ക് ലഭിച്ച, തീർപ്പാക്കാത്ത അപേക്ഷകളെല്ലാം പുതിയ ജില്ലാതല കമ്മിറ്റിക്ക് കൈമാറി സമയബന്ധിതമായി തീർപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു