ചെങ്ങന്നൂർ എൻ.എഫ്.എസ്.എ. ഗോഡൗണിലെ തൊഴിൽ തർക്കത്തിന് പരിഹാരമായി
ചെങ്ങന്നൂർ ചെറിയനാട് ഭക്ഷ്യ വകുപ്പിനു കീഴിലുള്ള എൻ.എഫ്.എസ്.എ ഗോഡൗണിലെ തൊഴിൽ തർക്കം തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിൽ പരിഹാരമായി.
എൻ.എഫ്.എസ്.എ ഗോഡൗണിലെ തൊഴിലാളികൾ അവരുടെ 26 എ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള കയറ്റിറക്കു സ്ഥല പരിധിക്കുള്ളിൽ കയറ്റിറക്കു ജോലികൾ ചെയ്യേണ്ടതാണെന്ന് തീരുമാനമായി. റേഷൻ കടകളിൽ വാതിൽപ്പടി വിതരണത്തിനായി പോകുന്ന വാഹനങ്ങളിൽ ഗോഡൗണിലെ കയറ്റിറക്കു തൊഴിലാളികൾ പോകേണ്ടതില്ലായെന്നും തീരുമാനിച്ചു. തൊഴിലാളികൾക്ക് മതിയായ വേതനം ഉറപ്പുവരുത്താനുള്ള പരിശ്രമങ്ങൾ കരാറുകാരനുമായി ആലോചിച്ച് കൈക്കൊള്ളണമെന്നും യോഗം തീരുമാനിച്ചു.
യോഗത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ. അനിൽ, യുവജനകാര്യ സംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ, കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്, ലേബർ കമ്മിഷണർ, സപ്ലൈകോ ജനറൽ മാനേജർ, ചുമട്ടു തൊഴിലാളി ക്ഷേമബോർഡ് ചീഫ് എക്സിക്യുട്ടീവ് വിവിധ തൊഴിലാളി സംഘടനാ നേതാക്കൾ എന്നിവരും പങ്കെടുത്തു.