പൈതൃക വിനോദ സഞ്ചാരത്തിന്‍റെ സാധ്യതകളിലേക്ക് ഫോർട്ടുകൊച്ചി – മട്ടാഞ്ചേരി മേഖലയെ വീണ്ടെടുക്കുന്നതിനുള്ള വലിയൊരു പരിശ്രമത്തിന് തുടക്കം കുറിക്കുകയാണ്. പൈതൃക വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ജനപങ്കാളിത്തത്തോടെ പരിഹാര നടപടികള്‍ക്ക് രൂപം നല്‍കുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി ഒക്ടോബർ 31 ഞായറാഴ്ച്ച രാവിലെ 7.30 മുതൽ ഈ മേഖലയിലെ പ്രധാനകേന്ദ്രങ്ങളെ സ്പർശിച്ച് സംഘടിപ്പിക്കുന്ന പൈതൃക നടത്തത്തില്‍ പങ്കാളികളാകാന്‍ എല്ലാവരെയും ക്ഷണിക്കുകയാണ്. ഫോര്‍ട്ടുകൊച്ചിയിലെ ഫോക് ലോർ തീയേറ്റര്‍ സമുച്ചയത്തില്‍ നിന്നും രാവിലെ 7.30ന് പൈതൃക നടത്തം ആരംഭിക്കും.
ഫോർട്ടുകൊച്ചി സബ് കളക്ടര്‍ ശ്രീ. പി. വിഷ്ണുരാജ് നൽകുന്ന വിവരണത്തിനു ശേഷമാണ് നടത്തം ആരംഭിക്കുക. ഫോർട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലും വിവിധ കേന്ദ്രങ്ങളിൽ നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ച് വിവരശേഖരണം നടത്തുകയും, ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംബന്ധിച്ച് വ്യക്തമായ രൂപരേഖ തയാറാക്കുകയുമാണ് പൈതൃക നടത്തത്തിന്‍റെ ലക്ഷ്യം. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പൈതൃക മേഖലയിലൂടെയുള്ള സഞ്ചാരം ആസൂത്രണം ചെയ്തിരിക്കുന്നത്. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍, അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, പരിഹാരമാർഗങ്ങള്‍, മുഖ്യപങ്ക് വഹിക്കേണ്ട സർക്കാര്‍ വകുപ്പുകളും ഏജന്‍സികളും, വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തം എന്നിവ നിശ്ചിത മാതൃകയിൽ തയാറാക്കിയിട്ടുള്ള ഗൂഗിള്‍ ഷീറ്റിൽ ഓരോ സംഘവും രേഖപ്പെടുത്തും.
പൈതൃക നഗരി നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി ജില്ലാ ഭരണകൂടം, ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, പങ്കാളികള്‍ എന്നിവരുടെ ഏകോപനത്തിലൂടെ പരിഹരിക്കുന്നതിനുള്ള സംരംഭത്തിന്‍റെ ആദ്യപടിയാണിത്. കോവിഡാനന്തര കാലഘട്ടത്തിൽ പൈതൃക ടൂറിസത്തെ സർവപ്രതാപത്തോടെയും വീണ്ടെടുക്കാനുള്ള ദൗത്യത്തിന്‍റെ മുന്നൊരുക്കമാണ് ഈ പദ്ധതി. കഴിഞ്ഞ ദിവസം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്‍റെ അധ്യക്ഷതയില്‍ ഫോർട്ടുകൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങളുടെ തുടര്‍നടപടികളുടെ ഭാഗമായി കൂടിയാണ് ഈ പൈതൃക നടത്തം ആസൂത്രണം ചെയ്തിരിക്കുന്നത്.