വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി

Spread the love

post

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിന് ശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രക്കുള്ള എല്ലാ തയ്യാറെടുപ്പുകളും ഗതാഗത വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. സ്‌കൂള്‍ അധികൃതരും, ബസ് ജീവനക്കാരും, കുട്ടികളും പാലിക്കേണ്ട പെരുമാറ്റ രീതികളെക്കുറിച്ച് ഇന്ത്യയില്‍ ആദ്യമായി സ്റ്റുഡന്റ്സ് ട്രാന്‍സ്പോര്‍ട്ട് പ്രോട്ടോക്കോള്‍ സംസ്ഥാന ഗതാഗത വകുപ്പ് തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ബസിനുള്ളില്‍ തെര്‍മല്‍ സ്‌കാനര്‍, സാനിറ്റൈസര്‍ എന്നിവ കരുതുകയും ഡോര്‍ അറ്റന്‍ഡര്‍ കുട്ടികളുടെ ടെംപറേച്ചര്‍ പരിശോധിക്കുകയും കൈകള്‍ സാനിറ്റൈസ് ചെയ്യുകയും വേണം. എല്ലാ കുട്ടികളും മാസ്‌ക് ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. എല്ലാ ദിവസവും യാത്ര അവസാനിക്കുമ്പോള്‍

വാഹനം അണുനാശിനിയോ സോപ്പ് ലായനിയോ ഉപോയോഗിച്ച് കഴുകി വൃത്തിയാക്കണം. പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കേണ്ട ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു. ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടക്കുന്ന സ്‌കുള്‍ ബസുകള്‍ റിപ്പയര്‍ ചെയ്ത് ഫിറ്റ്നസ് പരിശോധനയും ട്രയല്‍ റണ്ണും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി പരിശോധന നടത്തി വരുന്നു. ഡ്രൈവര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കും നേരിട്ടും ഓണ്‍ലൈനായും പരിശീലനം നല്‍കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിന് കെ.എസ്.ആര്‍.ടി.സി വര്‍ക്ക്ഷോപ്പുകളുടെ സൗകര്യം ഉപയോഗിക്കാം. കോവിഡിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സി ആരംഭിച്ച ബോണ്ട് സര്‍വ്വീസുകള്‍ ആവശ്യപ്പെടുന്ന സ്‌കൂളുകള്‍ക്ക് നല്‍കും. ദൂരവും ട്രിപ്പുകളും പരിഗണിച്ച് പ്രത്യേക നിരക്കിലായിരിക്കും സര്‍വ്വീസ് നടത്തുക. സ്‌കൂള്‍ ബസുകളേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.അടുത്ത മാസത്തോടെ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള എല്ലാ ആനുകൂല്യങ്ങളും തുടര്‍ന്നും ലഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ കെ.എസ്.ആര്‍.ടി.സി ആരംഭിക്കുന്ന ഗ്രാമവണ്ടി ഓടിത്തുടങ്ങുന്നതോടെ സംസ്ഥാനത്തെ ഉള്‍പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികളെ കയറ്റുവാന്‍ മടി കാണിക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സ്റ്റുഡന്റ്സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റിയും മോട്ടോര്‍ വാഹന വകുപ്പും കര്‍ശനമായി ഇടപെടും. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് എം.എല്‍.എ മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Author

Leave a Reply

Your email address will not be published. Required fields are marked *