ഡിട്രോയ്റ്റ് മാര്‍ത്തോമാ ചര്‍ച്ചില്‍ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു

Spread the love

ഡിട്രോയ്റ്റ് : ഡിട്രോയ്റ്റ് മാര്‍ത്തോമാ ചര്‍ച്ച് അംഗങ്ങളായ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരേയും ഫാമിലി സണ്‍ഡേ ദിനത്തില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ വെച്ചു അഭിനന്ദിക്കുകയുംആദരിക്കുകയും ചെയ്തു. ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ നടന്ന ചടങ്ങില്‍ ഇടവക വികാരി റവ. വര്‍ഗീസ് തോമസ് ഒരോരുത്തരുടേയും മഹത്തായ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും ഇടവകയുടെ പേരില്‍ റോസാപുഷ്പങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.

സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കപ്പുറമായി സാമൂഹ്യസേവനത്തിന് സന്നദ്ധരാകുമ്പോള്‍ അതിന് ലഭിക്കുന്ന പ്രതിഫലം വാക്കുകള്‍ കൊണ്ടു വര്‍ണിക്കാവുന്നതിലപ്പുറമാണെന്ന് അച്ചന്‍ പറഞ്ഞു. മഹാമാരി നാടെങ്ങും ആയിരങ്ങളുടെ ജീവന്‍ കവരുകയും പതിനായിരങ്ങളെ രോഗത്തിന്റെ പിടിയില്‍ അമര്‍ത്തുകയും ചെയ്തപ്പോള്‍, സ്വന്തം ജീവന്‍ പോലും തൃണവല്‍ക്കരിച്ചു രോഗികളെ ശുശ്രൂഷിക്കുന്നതിനും അവരുടെ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസം പകരുന്നതിലും ആരോഗ്യപ്രവര്‍ത്തകര്‍ ഉദാത്തമായ മാതൃകയാണ് പ്രകടിപ്പിച്ചതെന്നും അച്ചന്‍ കൂട്ടിച്ചേര്‍ത്തു.

ഇങ്ങനെ ഒരു ചടങ്ങ് സംഘടിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഇടവകയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവന സന്നദ്ധതയും അതോടൊപ്പം ധീരതയും പ്രശംസിക്കപ്പെടേണ്ടതാണെന്നും നന്ദി പ്രകാശനത്തിനിടെ ഇടവക സെക്രട്ടറി അലന്‍ ജി. ജോണ്‍ പറഞ്ഞു. റവ. പി. ചാക്കോയുടെ സമാപന പ്രാര്‍ഥനയ്ക്കും ആശീര്‍വാദത്തിനും ശേഷം യോഗം സമാപിച്ചു. ഇടവക ക്രമീകരിച്ചിരുന്ന രുചികരമായ ഉച്ചഭക്ഷണത്തിനുശേഷമാണ് എല്ലാവരും പിരിഞ്ഞത്.

Author

Leave a Reply

Your email address will not be published. Required fields are marked *