ഇടുക്കി: മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് വര്‍ധിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനായി എല്ലാ വകുപ്പുകളും സംയുക്തമായി പ്രവര്‍ത്തിക്കുന്നുണ്ടന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടന്നും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. ഇത് വരെ സ്വീകരിച്ച സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ അവലോകനം ചെയ്യുന്നതിനായി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയിരുന്നു കളക്ടര്‍. ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കേണ്ടവര്‍ക്കായുള്ള കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തികച്ചും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ക്യാമ്പുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ വളര്‍ത്തു മൃഗങ്ങളെ മാറ്റാനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ ക്യാമ്പിലും ചാര്‍ജ് ഓഫീസര്‍മാരുണ്ട്. ആരോഗ്യ സുരക്ഷാ ആവശ്യത്തിനായി എല്ലായിടത്തും ടീമിനെ സജ്ജികരിച്ചിട്ടുണ്ട്. പെരിയാറിലൂടെ ജലത്തിന് സുഗമമായി ഒഴുകാനുള്ള തടസങ്ങള്‍ നീക്കും. ജില്ലാതലത്തിലും താലൂക്ക്, വില്ലേജ്, തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. മുല്ലപെരിയാര്‍ സ്പെഷ്യല്‍ ഓഫീസര്‍മാരായി 2 ഡെപ്യൂട്ടി കളക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വണ്ടിപെരിയാര്‍, ഉപ്പുതറ കേന്ദ്രികരിച്ചാണ് ഇവര്‍ ക്യാമ്പ് ചെയ്യുന്നത്. ദ്രുതകര്‍മ്മ സേന അംഗങ്ങളുടെ സഹകരണം പഞ്ചായത്ത് ഉറപ്പ് വരുത്തണം. ക്യാമ്പിലേക്ക് പോന്നവരുടെ വീടുകളില്‍ പോലീസ് നൈറ്റ് പട്രോളിംഗ് ഏര്‍പ്പാടാക്കും.
ഫയര്‍ ഫോഴ്സിന്റെ 4 ടീം സജ്ജമാണ്. എല്ലാ ടീമിലും ആവശ്യത്തിനുള്ള ജീവനക്കാരുണ്ട്. വനം വകുപ്പിന്റെ 2 കണ്ട്രോള്‍ റൂം വണ്ടിപെരിയാറിലും വള്ളക്കടവിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും പ്രശ്നസാധ്യത പ്രാദേശങ്ങളിലുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ കെഎസ്ഇബി യുടെ താത്കാലിക സംവിധാനം തയ്യാറാണ്. വൈദ്യുതി മുടങ്ങിയാലും വാര്‍ത്താവിനിമയ സംവിധാനം പ്രവര്‍ത്തിക്കുന്നതിന് ബിഎസ്എന്‍എല്‍ സംവിധാനം ഒരുക്കും. ജലസേചനം, ഫയര്‍ഫോഴ്സ് തുടങ്ങി എല്ലാ വകുപ്പുകളിലും കണ്ട്രോള്‍ റൂമുകള്‍ തുടങ്ങും. പീരുമേട് താലൂക്കിലെ 4 വില്ലേജുകളായ ഏലപ്പാറ,ഉപ്പുതറ, പെരിയാര്‍, മഞ്ചുമല എന്നിവിടങ്ങളില്‍ നിന്നും ഇടുക്കി താലൂക്കിലെ അയ്യപ്പന്‍ കോവില്‍, കാഞ്ചിയാര്‍ വില്ലേജുകള്‍, ഉടുമ്പഞ്ചോല താലൂക്കിലെ ആനവിലാസം എന്നീ വില്ലേജുകളില്‍ നിന്നും 3220 പേരെ മാറ്റി പാര്‍പ്പിക്കണം.