തിരുവനന്തപുരം: കുട്ടിയുടെയും ദത്തെടുക്കുന്ന മാതാപിതാക്കളുടെയും സ്വകാര്യതയെ ബാധിക്കുന്ന യാതൊരു വിവരങ്ങളും ദത്ത് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും.
ദത്ത് നടപടികളില്‍ രക്ഷിതാക്കളുടെയും കുട്ടിയുടെയും സ്വകാര്യത പൂര്‍ണ്ണമായും പാലിക്കപ്പെടണമെന്ന് 2015ലെ ബാല നീതി നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അതനുസരിച്ചു കുട്ടികളുടെ സ്വകാര്യത ലംഘിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നല്‍കുന്നത് ആറു മാസം തടവോ, രണ്ട് ലക്ഷം രൂപ പിഴയോ, രണ്ടും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു.ദത്തെടുക്കപ്പെടുന്ന കുട്ടിയുടേയോ രക്ഷിതാക്കളുടെയോ സ്വകാര്യത കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി സമൂഹത്തിലെ മുഴുവന്‍ പേര്‍ക്കും ബോധവല്‍ക്കരണം നല്‍കുന്നതിനുളള നടപടി സ്വീകരിക്കാന്‍ സാമൂഹികനീതി-വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍, സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി പ്രോഗ്രാം മാനേജര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍നിര്‍ദ്ദേശം നല്‍കി.കുട്ടിയെ തിരികെ കിട്ടുന്നതിനായി മാതാവ് നേരത്തെ ബാലാവകാശ കമ്മീഷന്‍ മുമ്പാകെ പരാതി നല്കിയിരുന്നു. പരാതി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍, വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, പേരൂര്‍ക്കട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, എന്നിവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട് . ഈ മാസം 30നാണ് കേസില്‍ വിചാരണ നടക്കുന്നത്.