കാസര്‍കോട്: നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ വിദ്യാലയങ്ങള്‍ ഉണരുകയാണ്. 19 മാസക്കാലത്തെ ആലസ്യത്തില്‍ നിന്നും സ്‌കൂളുകളെ ഉണര്‍ത്തുന്ന പ്രവൃത്തിയില്‍ കര്‍മ്മ നിരതരാണ് നാട്ടുകൂട്ടങ്ങള്‍. അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധ സംഘടനകളും എല്ലാം ചേര്‍ന്ന് കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുകയാണ്. ചുമരുകള്‍ക്ക് പുത്തന്‍ നിറം നല്‍കിയും കാട് വെട്ടി തെളിച്ചും മാലിന്യങ്ങള്‍ നീക്കം ചെയ്തും ക്ലാസ് മുറികള്‍ അണു നശീകരണം ചെയ്തും ഹരിതകര്‍മ്മ സേനയും കുടുംബശ്രീ പ്രവര്‍ത്തകരുമെല്ലാം രംഗത്തുണ്ട്. ഏതെല്ലാം തരത്തില്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായ ക്ലാസ് മുറികളും സ്‌കൂള്‍ അന്തരീക്ഷവും നല്‍കാമെന്ന പരിശ്രമമാണ് നാട്ടിലെങ്ങും. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ കാവല്‍ക്കാരായി പൊതുജനങ്ങള്‍ കൈകോര്‍ക്കുമ്പോള്‍ വലിയ മാറ്റമാണ് ഓരോ വിദ്യാലയങ്ങളിലും ഉണ്ടായത്.
ശുചീകരിച്ച് യുവാക്കളുടെ കൂട്ടായ്മ
വിദ്യാലയങ്ങള്‍ തുറക്കുന്നതിന്റെ മുന്നോടിയായി കാഞ്ഞങ്ങാട് മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി. സ്‌കൂള്‍ ശുചീകരിച്ച് യുവാക്കളുടെ കൂട്ടായ്മ. നെല്ലിക്കാട്ട് റെഡ് സ്റ്റാര്‍ ക്ലബിന്റെയും അരയാല്‍ ബ്രദേഴ്‌സിന്റെയും നേതൃത്വത്തില്‍ നാല്‍പതോളം യുവാക്കളാണ് ക്ലാസുമുറിയിലെ ഫര്‍ണിച്ചറുകളും ജലസംഭരണിയും കഴുകി വൃത്തിയാക്കിയത്. കുടുംബശ്രീ എ.ഡി.എസിലെ ഇരു പത്തിയഞ്ചോളം പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികളും പി.ടി.എ ഭാരവാഹികളും അധ്യാപകരും പൊതു പ്രവര്‍ത്തകരും പങ്കാളികളായി.സഹായവുമായി പൂര്‍വവിദ്യാര്‍ഥികളുംജി.എച്ച്.എസ്.എസ് ബന്തടുക്കയിലെ ക്ലാസ് മുറികളും സ്‌കൂള്‍ പരിസരവും ശുചീകരിക്കാന്‍ മുന്‍കൈയെടുത്ത് സ്‌കൂളിലെ 1977ലെ എസ്.എസ്.എല്‍.സി ബാച്ച് വിദ്യാര്‍ഥി കൂട്ടായ്മ. ജനപ്രതിനിധികളും കുടുംബശ്രീ പ്രവര്‍ത്തകരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും ഒത്തു ചേര്‍ന്നപ്പോള്‍ സ്‌കൂളിന്റെ മുഖം മിനുങ്ങി. കഴുകി വൃത്തിയാക്കിയ ക്ലാസ് മുറികളും ടോയ്‌ലറ്റുകളും കാട് വെട്ടി തെളിഞ്ഞ സ്‌കൂള്‍ മുറ്റവും നവംബര്‍ ഒന്നിന് വിദ്യാര്‍ഥികളെ കാത്തിരിക്കുകയാണ്. പ്രധാന അധ്യാപിക വീണ ടീച്ചറിന്റെ നേതൃത്വത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.