കോട്ടയം: ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ് സുപ്രീംകോടതിയിലേറ്റ തിരിച്ചടിയെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുവാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരിക്കുമ്പോള്‍ ഇനിയെങ്കിലും സര്‍ക്കാര്‍ യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ട് ഭരണഘടനാ ലംഘനത്തില്‍ നിന്ന് പിന്മാറണം. മതന്യൂനപക്ഷ നിര്‍ണ്ണയത്തിന്റെ അടിസ്ഥാന മാനദണ്ഡം ജനസംഖ്യയാണ്; പിന്നോക്കാവസ്ഥയല്ല. ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ഇന്ത്യയിലെ 6 ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അതിനാല്‍തന്നെ ജനസംഖ്യാനുപാതികമായി അവകാശപ്പെട്ടതാണ്. ഒരു ന്യൂനപക്ഷ വിഭാഗത്തിനുവേണ്ടി പഠനം നടത്തി എന്നതിന്റെ പേരില്‍ ആ വിഭാഗത്തിനായി മാത്രം ന്യൂനപക്ഷ ക്ഷേമവകുപ്പിലൂടെ സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിച്ച് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതില്‍ ന്യായീകരണമില്ല. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കുന്നത് 2006 നവംബര്‍ 30നാണ്, 2005 ഓഗസ്റ്റ് 15നാണ് മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കായി 15 ഇന പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ത്തന്നെ ന്യൂനപക്ഷ പദ്ധതികളെല്ലാം സച്ചാര്‍ കമ്മറ്റിയെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന വാദം പൊളിയുന്നു.
ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതി നേടിയെടുക്കുന്നതിനുവേണ്ടിയുള്ള പോരാട്ടമാണ് ഇപ്പോള്‍ സുപ്രീംകോടതി വരെ എത്തിയിരിക്കുന്നത്. നീതിനിഷേധങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതിനെ ആരും വര്‍ഗ്ഗീയവാദമായി ചിത്രീകരിച്ച് സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കാന്‍ നോക്കണ്ട. ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ സംസ്ഥാന സര്‍ക്കാരിന് ഭരണഘടനയേയും നീതിന്യായവ്യവസ്ഥകളെയും മാനിക്കാതെ മുന്നോട്ട് പ്രവര്‍ത്തിക്കാനാവില്ല. കഴിഞ്ഞ 13 വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ തുടരുന്ന നീതിനിഷേധമാണ് തിരുത്താന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിലവിലുള്ള അനീതി ചോദ്യംചെയ്യപ്പെടുമ്പോള്‍ വരാന്‍ പോകുന്ന ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി കാലങ്ങളായി തുടരുന്ന തെറ്റിനെ ന്യായീകരിച്ച് തലയൂരാന്‍ ശ്രമിക്കുന്നത് വിചിത്രമാണെന്നും ഭരണഘടന നല്‍കുന്ന തുല്യനീതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
ഷെവ.അഡ്വ. വി.സി. സെബാസ്റ്റ്യന്‍
സെക്രട്ടറി, സി.ബി.സി.ഐ. ലെയ്റ്റി കൗണ്‍സില്‍