ന്യൂയോര്‍ക്ക് : വിവാഹ മോചനം നേടിയ ഭര്‍ത്താവിനെ വധിക്കുന്നതിന് വാടക കൊലയാളിയെ കണ്ടെത്തുന്നതിന് കാമുകന് 7000 ഡോളര്‍ പ്രതിഫലമായി നല്കിയ കേസില്‍ ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫിസര്‍ വലേറി സിന്‍സി നെല്ലി (37) യെ നാലു വര്‍ഷത്തെ തടവിന് ശിക്ഷിച്ചുകൊണ്ടു ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതി ഒക്ടോബര്‍ 29 വെള്ളിയാഴ്ച ഉത്തരവിട്ടു.
കേസില്‍ 2019ല്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന ഓഫിസര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയതിനാല്‍ പന്ത്രണ്ടു മാസങ്ങള്‍ക്കുശേഷം ഇവര്‍ക്ക് ജയില്‍ മോചിതയാകാം. ജയിലില്‍ മാന്യമായി പെരുമാറിയതിനാല്‍ ശേഷിക്കുന്ന കാലാവധി വിട്ടുതടങ്കില് കഴിയുന്നതിനാണ് ലോണ ഐലന്റ് ഫെഡറല്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
കാമുകന് ജോണ്‍ ഡെറുമ്പയോട് മുന്‍ ഭര്‍ത്താവിനെ മാത്രമല്ല കാമുകന്റെ 13 വയസ്സുള്ള മകളെ കൂടി വധിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. വലേറി അയച്ച സന്ദേശം ഫോണില്‍ പകര്‍ത്തുന്നതിനും വിഡിയോ റെക്കോര്‍ഡു ചെയ്യുന്നതിനും കാമുകന് ജോണ്‍ തയാറായി.
ഇതിനിടയില്‍ ജോണ്‍ മറ്റൊരു കേസില്‍ ഉള്‍പ്പെട്ടു ജയിലിലായി. ജയിലില്‍ വെച്ചും കാമുകന് വലേറിയുമായി ഫോണില്‍ ബന്ധപ്പെട്ടതും റെക്കോര്‍ഡ് ചെയ്യപ്പെട്ടു. ജോണ്‍ ഡറുമ്പാ അറസ്റ്റിലായതോടെ വധശ്രമം പരാജയപ്പെട്ടു. ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വിവരങ്ങള്‍ എല്ലാം പൊലീസിന് ലഭിച്ചു.
കൗണ്ടി പൊലീസ് വലേറിയുടെ വീട്ടില്‍ എത്തി മുന്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടുവെന്ന് അറിയിച്ചുവെങ്കിലും എങ്ങനെ സംഭവിച്ചുവെന്ന് ഇവര്‍ ചോദിച്ചിട്ടില്ല. ഇതൊരു നാടകമായിരുന്നു. പിന്നീട് ഇതേകുറിച്ച് വലേറിയായും ജോണും തമ്മില്‍ നടന്ന സംഭാഷണവും റെക്കോര്‍ഡ് ചെയ്യപ്പെട്ടു. തുടര്‍ന്നാണ് അറസ്റ്റും വിചാരണയും നടന്നത്. ഏപ്രിലില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.