ചാവക്കാട് നഗരസഭയുടെ നഗരശ്രീ ഉത്സവം സമാപിച്ചു

Spread the love

ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായ വിവിധ പദ്ധതികളെക്കുറിച്ച് നഗരസഭയിലെ സ്ഥിരതാമസം ഉള്ളവരെ ബോധവൽക്കരിക്കുന്നതിനും ഉൾപ്പെടുത്തുന്നതിനുമായി ഒക്ടോബർ 23 മുതൽ 30 വരെ നീണ്ടുനിന്ന നഗരശ്രീ ഉത്സവത്തിന് ചാവക്കാട് നഗരസഭയിൽ സമാപനം. ഒരാഴ്ച നീണ്ടുനിന്ന നഗരശ്രീ ഉത്സവത്തിൽ അയൽക്കൂട്ടങ്ങൾക്കുള്ള റിവോൾവിംഗ് ഫണ്ട് ക്യാമ്പയിൻ, സൗജന്യ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനങ്ങൾ എന്നിവയെക്കുറിച്ച് നഗരസഭയിലെ 18നും 35നും വയസിനിടയിൽ പ്രായമുള്ളവർക്കായി സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് സ്വയംതൊഴിൽ സംരംഭം ആരംഭിക്കാൻ താല്പര്യമുള്ളവർക്കായി വിവിധ ക്ലാസുകൾ, പിഎം നിധി വായ്പാ പദ്ധതിയിലേക്ക് തെരുവ് കച്ചവടക്കാരെ ഉൾചേർക്കൽ തുടങ്ങി വിവിധ പരിപാടികളും നടത്തി. സമാപന ദിവസമായ ഒക്ടോബർ 30ന് കുടുംബശ്രീ കഫേ യൂണിറ്റുകളുടെ ഭക്ഷ്യമേള സംഘടിപ്പിച്ചു. നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന സമാപന സമ്മേളനം എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായ തെരുവുകച്ചവടക്കാരുടെ സർവ്വേയിൽ ഉൾപ്പെട്ടവർക്ക് ഐ ഡി കാർഡ് വിതരണം, പിഎം സ്വാനിധി രണ്ടാംഘട്ട വായ്പയുടെ വിതരണം എന്നിവയും എൻ.യു.എൽ.എം പദ്ധതികളിൽ നഗരസഭയോട് മികച്ച രീതിയിൽ സഹകരിച്ച ബാങ്കുകളെയും, പരിശീലന ഏജൻസിയെയും, കൂടാതെ മഹാമാരി കാലത്ത് മികച്ച പ്രവർത്തനം നടത്തിയ നഗരസഭ ബസ് സ്റ്റാൻഡിനു സമീപത്തെ ജനകീയ ഹോട്ടലിനെയും ചടങ്ങിൽ ആദരിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷാഹിന സലിം, മുഹമ്മദ് അൻവർ, അബ്ദുൾ റഷീദ്, ബുഷ്റ ലത്തീഫ്, പ്രസന്ന രണദിവെ, കൗൺസിലർ എം ആർ രാധാകൃഷ്ണൻ, സിറ്റി മിഷൻ മാനേജർ രഞ്ജിത്ത് അലക്സ്, കൗൺസിലർമാർ, കുടുംബശ്രീ ഭാരവാഹികൾ, തെരുവ് കച്ചവട പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *