കോട്ടയം: പ്രളയക്കെടുതി നേരിട്ട മലയോര മേഖലകളില്‍ ജില്ലാ ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ മാനസികോല്ലാസ ക്യാമ്പുകള്‍ സംഘടിപ്പിച്ചത് കുട്ടികള്‍ക്ക് ആഹ്ളാദവും കരുത്തും പകര്‍ന്നു. മുണ്ടക്കയം, കൂട്ടിക്കല്‍, കാഞ്ഞിരപ്പള്ളി, എന്നിവിടങ്ങളിലെ കുട്ടികളാണ് ക്യാമ്പിലെത്തിയത്. പ്രളയത്തിന്റെ ഭീതി നേരിട്ട കുട്ടികള്‍ക്ക് ധൈര്യവും മാനസിക പിന്തുണയും ഉറപ്പാക്കാനായി.
കൗണ്‍സിലര്‍മാര്‍ കൂട്ടുകാരെ പോലെ ഇടപ്പെട്ട് കുട്ടികളുടെ പ്രശ്നങ്ങള്‍ മനസിലാക്കി. അവര്‍ക്ക് ആവശ്യമായ മറ്റ് സഹായങ്ങള്‍ എത്തിക്കുന്നതിനുള്ള ഇടപെടലുകളും നടത്തുമെന്ന് ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ മൈക്കിള്‍ പറഞ്ഞു.
18 വയസില്‍ താഴെയുള്ള കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ മാനസികോല്ലാസത്തിനായുള്ള വിവിധ മത്സരങ്ങള്‍ക്കു പുറമേ സാംസ്‌കാരിക പരിപാടികള്‍, കൗണ്‍സലിങ്, മെഡിക്കല്‍ ക്യാമ്പ് എന്നിവയും നടത്തി. 225 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
മാന്നാനം കെ.ഇ കോളജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ഥികളുമായി സഹകരിച്ചാണ് ക്യാമ്പ് ഒരുക്കിയത്. ഇതോടൊപ്പം പ്രദേശത്തെ വീടുകള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ശുചീകരിച്ചു. കൊളാബ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു ജോസഫ്, ടി.കെ. രാജു, സാജന്‍ രാജു, ആശിഷ് ജോസ്, ഷിഞ്ജു ജോയ്, അജീന ഫിലിപ്പ്, അഞ്ജലി റോസ് എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ക്ക് ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങള്‍ തുടങ്ങിയവ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ചൈല്‍ഡ് ലൈനില്‍ ബന്ധപ്പെടാം. ഫോണ്‍: 04828-208145, 9946951629.