മലയാള ഭാഷാ- സഹായ സാങ്കേതിക വിദ്യ സേവനോപാധികൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Spread the love

സംസ്ഥാന ഇലക്ട്രോണിക്സ് ആന്റ് വിവരസാങ്കേതികവിദ്യ വകുപ്പിലെ സ്വയം ഭരണസ്ഥാപനമായ ഐസിഫോസ് സാങ്കേതികവിദ്യയുടെ പ്രാദേശികവൽകരണത്തിനായി വികസിപ്പിച്ച ആറ് സോഫ്റ്റ്വെയറുകളും കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്കാലുള്ള ‘അക്ഷി’ പദപ്രശ്ന പസിൽ ഉപകരണവും മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹത്തിന് സമർപ്പിച്ചു.
വിവരസാങ്കേതികവിദ്യ പദകോശത്തിന്റെ പ്രകാശനം മുഖ്യമന്ത്രി ഐ റ്റി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് നൽകി നിർവ്വഹിച്ചു. ഐസിഫോസിന്റെ സഹായ സാങ്കേതികവിദ്യ (Assistive Technology) വിഭാഗം കാഴ്ച പരിമിതർക്കായി വികസിപ്പിച്ചെടുത്ത ‘അക്ഷി’ (AKSHI – Adaptive Knowledge Stimulation Helping Idea) എന്ന പദപ്രശ്ന ഉപകരണം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകനായ ആബ്ദുൾ ഹക്കീം കെ എം ന് മുഖ്യമന്ത്രി കൈമാറി. ഐസിഫോസിലെ ഭാഷാസാങ്കേതിക വിഭാഗം വികസിപ്പിച്ചെടുത്ത ധൃതി (ദ്വിഭാഷാ ഒ സി ആർ), പദകോശം, മലയാള രൂപിമാപഗ്രഥനി, മലയാള സമൂഹമാധ്യമദത്ത വിശകലനം, മലയാള വാക്യ സംഗ്രഹം, മലയാളം അക്ഷരപരിശോധിനി, ആസ്‌കി-യൂണികോഡ് കൺവേർട്ടർ തുടങ്ങിയ സോഫ്റ്റ് വെയറുകളുടെ പോർട്ടലിന്റെ (malayalam.icfoss.org) പ്രകാശനവും നടന്നു.
നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഐസിഫോസ് ഡയറക്ടർ ഡോ. എലിസബത്ത് ഷേർളി, റജിസ്ട്രാർ ചിത്ര എം എസ്., ഈ-ഗവേണൻസ് വിഭാഗം മേധാവി ഡോ. രാജീവ് ആർ ആർ, സഹായ സാങ്കേതികവിദ്യ വിഭാഗം കൺസൾട്ടന്റ് ജയദേവ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *