കൊല്ലം: പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ സമ്പൂര്‍ണ സുതാര്യത ഉറപ്പ് വരുത്താന്‍ പുതിയ സാങ്കേതിക സംവിധാനമായ പ്രൊജക്ട് മാനേജ്‌മെന്റ് സിസ്റ്റം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ. മുഹമദ് റിയാസ്. കല്ലട പഞ്ചായത്തിലെ വെട്ടിയതോട് പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായി മരാമത്ത് പണികള്‍ തടസ്സമില്ലാതെ നടപ്പിലാക്കുന്നതിനുള്ള സാങ്കേതികവിദ്യ സംബന്ധിച്ച് പഠനം തുടങ്ങി കഴിഞ്ഞു. പണികള്‍ സമയക്ലിപ്തതയോടെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. റോഡുകളുടെ പരിപാലനത്തില്‍ നിശ്ചിതകാലയളവിലേക്ക് കരാറുകാരുടെ
ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനായി സംവിധാനമൊരുക്കും. ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍ ഉള്‍പ്പെടുത്തിയ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച് പരാതി പരിഹാരത്തിന് ഗതിവേഗം കൂട്ടും. ഇതേ ലക്ഷ്യവുമായി തുടങ്ങിയ ‘പി.ഡബ്ല്യു.ഡി ഫോര്‍ യു’ ആപ്പ് വിജയച്ചതിന്റെ ഉദാഹരണമാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ലഭിച്ച 15,000 പരാതികള്‍. അവയില്‍ ഭൂരിഭാഗത്തിനും പരിഹാരം കാണുകയുമാണ്.
റസ്റ്റ് ഹൗസുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിനും വലിയ സ്വീകാര്യത കിട്ടി. ആദ്യ 10 ദിവസം 1060 പേരാണ് മുറി ബുക്ക് ചെയ്തത് വഴി ആറര ലക്ഷം രൂപയാണ് വരുമാനം. സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയും റസ്റ്റ്ഹൗസുകളുടെ പരിസരത്ത് ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു. ഇവിടെ ഉന്നയിച്ച ആവശ്യം കണക്കിലെടുത്ത് സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ പെരുമണ്‍-കണ്ണങ്കാട് പാലം നിര്‍മിക്കുന്നതിന് നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
കോവൂര്‍ കുഞ്ഞുമോന്‍ എം. എല്‍. എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാ•ാരായ ഡോ. പി. കെ. ഗോപന്‍, അനില്‍ എസ്. കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ ഷാഫി, ഗ്രാമഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.