റേഷന്‍ കടകളില്‍ പരാതിപ്പെട്ടി സ്ഥാപിക്കും: മന്ത്രി ജി.ആര്‍. അനില്‍

Spread the love

കോട്ടയം: പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കുന്നതിന് റേഷന്‍ കടകള്‍ക്കു മുമ്പില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. താല്കാലികമായി റദ്ദു ചെയ്ത റേഷന്‍ കടകളുമായി ബന്ധപ്പെട്ട ഫയലുകള്‍ തീര്‍പ്പാക്കുന്ന അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജനങ്ങള്‍ പരാതിപ്പെട്ടിയിലൂടെ നല്‍കുന്ന പരാതികള്‍ എല്ലാ ആഴ്ചയിലും റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ ശേഖരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തുടര്‍ നടപടികള്‍ക്കായി റേഷന്‍ കട-താലൂക്ക് തല വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും.
റേഷന്‍ കാര്‍ഡുകളിലെ പിശകുകള്‍ തിരുത്താനും വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാനും നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ ‘തെളിമ’ പദ്ധതി ആരംഭിക്കും.

ജനുവരിയില്‍ തെറ്റുകളില്ലാത്ത റേഷന്‍ കാര്‍ഡുകള്‍ നിലവില്‍ വരും. അഞ്ചു ശതമാനം കാര്‍ഡുകള്‍ ആധാറുമായി ബന്ധിക്കപ്പെട്ടിട്ടില്ല. ജനുവരി ഒന്നിനകം ഇവ ആധാറുമായി ബന്ധിപ്പിക്കണം. മുന്‍ഗണന കാര്‍ഡുകളടക്കം സംശുദ്ധമാക്കാനുള്ള ഊര്‍ജ്ജിത നടപടികള്‍ സ്വീകരിക്കും. ജനുവരി ഒന്നു മുതല്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഓഫീസുകള്‍ പൂര്‍ണമായി ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറും. ഡിസംബര്‍ ഒന്നു മുതല്‍ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കും. ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് 83 ലാപ് ടോപ്പ് വിതരണം ചെയ്യും.
ഡിസംബര്‍ 15 നുള്ളില്‍ റദ്ദു ചെയ്ത ലൈസന്‍സുകളില്‍ അന്തിമ തീരുമാനമെടുത്ത് പുതിയ ലൈസന്‍സുകള്‍ അനുവദിക്കും. പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടു കിലോമീറ്ററിനുള്ളില്‍ ഒരു റേഷന്‍ കട എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. രണ്ടിലധികം കടകള്‍ ഒരുമിച്ചാക്കുന്നതു മൂലമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സമയബന്ധിതമായി നടപടിയെടുക്കും. ഡിസംബര്‍ 15 നുള്ളില്‍ എല്ലാ ജില്ലകളിലും അദാലത്ത് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനതലത്തില്‍ 686 പരാതികളാണ് അദാലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലവില്‍ 21,000 വാര്‍ഡുകളില്‍ 14,245 വാര്‍ഡുകളിലും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന വ്യാപകമായി 599 ലൈസന്‍സുകള്‍ റദ്ദു ചെയ്തു. വിവിധ പ്രശ്നങ്ങളാല്‍ താല്കാലികമായി നിര്‍ത്തലാക്കിയ 686 റേഷന്‍ കടകളുടെ പരാതികളാണ് വിവിധ ജില്ലകളില്‍ നടത്തുന്ന അദാലത്തുകളില്‍ തീര്‍പ്പാക്കുന്നത്.

നേരിട്ട് ലഭിച്ച പരാതികള്‍ ഉള്‍പ്പെടെ 74 പരാതികള്‍ പരിഗണിച്ചു. കോട്ടയം -37, കാഞ്ഞിരപ്പള്ളി – നാല്, ചങ്ങനാശ്ശേരി – അഞ്ച്, മീനച്ചില്‍ – 12, വൈക്കം – ഒന്‍പത് എന്നിങ്ങനെയാണ് താലൂക്ക് തലത്തില്‍ ലഭിച്ച പരാതികള്‍. 23 കടകളുടെ അപേക്ഷകള്‍ പരിഹരിച്ചു. 32 കടകള്‍ക്ക് നോട്ടീസ് നല്‍കും. രണ്ട് കടകളുടെ ലൈസന്‍സ് റദ്ദാക്കി. അനന്തരവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ മൂന്നു കടകള്‍ക്ക് അവസരം നല്‍കി. പുതുതായി റിപ്പോര്‍ട്ട് ലഭിക്കേണ്ട വിഷയത്തില്‍ നാലു കടകള്‍ക്ക് മൂന്നു മാസം സമയം നല്‍കി. ലൈസന്‍സ് ലഭിക്കുന്നത് സംബന്ധിച്ച് നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാന്‍ രണ്ടു കടകള്‍ക്ക് ഒരാഴ്ച സമയം അനുവദിച്ചു. ലഭിച്ച പരാതികളില്‍ 29 എണ്ണം അനന്തരവകാശ തര്‍ക്കവുമായി ബന്ധപ്പെട്ടതാണ്.
സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഡോ. ഡി. സജിത്ത് ബാബു അധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖല റേഷനിംഗ് കണ്‍ട്രോളര്‍ അനില്‍ രാജ്, ജില്ലാ സപ്ലൈ ഓഫീസര്‍ ജലജ ജി.എസ്. റാണി, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *