തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ. അനന്തഗോപൻ സ്ഥാനമേറ്റു

Spread the love

അംഗമായി അഡ്വ. മനോജ് ചരളേൽ സത്യപ്രതിജ്ഞ ചെയ്തു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ. കെ. അനന്തഗോപനും ബോർഡ് അംഗമായി അഡ്വ. മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്തെ കോൺഫെറൻസ് ഹാളിലായിരുന്നു സത്യപ്രതിജ്ഞ.
ദേവസ്വം സെക്രട്ടറി എസ്. ഗായത്രീ ദേവി ഇരുവർക്കും സത്യവാചകം ചൊല്ലി കൊടുത്തു. കാര്യക്ഷമമായും, ചിട്ടയോടെയും, സുതാര്യമായും ബോർഡിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നും ബോർഡിലെ നിലവിലെ സാമ്പത്തിക സ്ഥിതി ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും പരിശോധിച്ച് ദേവസ്വം ബോർഡിന്റെ ഉയർച്ചക്ക് വേണ്ടതെല്ലാം ചെയ്യുമെന്നും കെ. അനന്തഗോപൻ പറഞ്ഞു. ശബരിമല തീർത്ഥാടനത്തിന് വേണ്ട എല്ലാ സജീകരണങ്ങളും ഒരുക്കുമെന്നും പുതിയ പ്രസിഡന്റ് പറഞ്ഞു.

ഏൽപ്പിച്ച ദൗത്യം ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്ന് മനോജ് ചരളേൽ പറഞ്ഞു. എല്ലാവരുടെയും പിന്തുണ ഇരുവരും അഭ്യർത്ഥിച്ചു. ദേവസ്വം ബോർഡ് പി.ആർ.ഒ സുനിൽ അരുമാനൂർ പുതിയ നിയമനം സംബന്ധിച്ച സർക്കാർ വിജ്ഞാപനം വായിച്ചു. രണ്ടു വർഷത്തേക്കാണ് നിയമനം.

ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ, എം.എൽ.എ മാരായ മാത്യു ടി.തോമസ്, ജിനീഷ് കുമാർ, ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ അഡ്വ.എൻ.വാസു, എ.പത്മകുമാർ, ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ അഡ്വ.കെ.എസ്.രവി, കെ.പി.ശങ്കരദാസ്, എൻ.വിജയകുമാർ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ഉദയഭാനു, ആനാവൂർ നാഗപ്പൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു.

ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർമാരായ സുധീഷ് കുമാർ, രാജേന്ദ്രപ്രസാദ് എന്നിവരും സന്നിഹിതരായിരുന്നു. പ്രസിഡന്റിന്റെയും അംഗത്തിന്റെയും കുടുംബാംഗങ്ങളും സംബന്ധിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ആദ്യ ബോർഡ് യോഗം ചേർന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *