പുതിയ ബാച്ച് അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ഈ മാസം 23ന് പരിഗണിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.
നീണ്ട ഇടവേളക്കുശേഷം സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ക്ലാസുകൾ ആരംഭിച്ചപ്പോൾ വിദ്യാർഥികളെ നേരിട്ട് സ്കൂളിലെത്തി സ്വാഗതം ചെയ്ത് മന്ത്രിമാർ. ഒമ്പതാം ക്ലാസിലെ കുട്ടികളും ഇന്നാണ് സ്കൂളിലെത്തിയത്. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവരാണ് വിദ്യാർഥികളെ സ്വീകരിക്കാൻ മണക്കാട് ഹയർസെക്കൻഡറി സ്കൂളിൽ എത്തിയത്.
പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐ. എ. എസ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി. സുരേഷ് കുമാർ,തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവരും മന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു. കുട്ടികൾക്ക് മധുരവും പുസ്തകവും മന്ത്രിമാർ വിതരണം ചെയ്തു.
നിശ്ചയിച്ച തീയതിയിൽ തന്നെ വിവിധ ക്ലാസുകൾ ആരംഭിക്കാൻ വിദ്യാഭ്യാസ വകുപ്പിനായി. കോവിഡ് മാനദണ്ഡങ്ങൾ സ്കൂളുകളിൽ കർശനമായി പാലിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഈ മാസം 23ന് അധിക ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തീകരിക്കാനാകും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു.