ആരോഗ്യ വകുപ്പ് ഡയറക്ടറോട് മന്ത്രി റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മിന്നല്‍ സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ 8.20ന് ആശുപത്രിയിലെത്തിയ മന്ത്രി രണ്ട് മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചു. അത്യാഹിത വിഭാഗം, വിവിധ ഒ.പി.കള്‍, വാര്‍ഡുകള്‍, പേ വാര്‍ഡുകള്‍, ഇസിജി റൂം എന്നിവ സന്ദര്‍ശിക്കുകയും രോഗികളുടേയും ജീവനക്കാരുടേയും പാരാതികള്‍ കേള്‍ക്കുകയും ചെയ്തു. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറോടൊപ്പം അദ്ദേഹത്തിന്റെ വാഹനത്തിലാണ് മന്ത്രി ആശുപത്രിയിലെത്തിയത്.
രാവിലെ ആയതിനാല്‍ ആശുപത്രിയില്‍ കുറച്ച് തിരക്കായിരുന്നു. ആദ്യം ഒ.പി. വിഭാഗങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ഒഫ്ത്താല്‍മോളജി ഒ.പി.യും, ദന്തല്‍ ഒ.പി.യും ഒഴികെ മറ്റ് വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയില്ല. ധാരാളം പേര്‍ മെഡിസിന്‍ ഒ.പി.യില്‍ കാണിക്കാന്‍ കാത്തിരുന്നെങ്കിലും ആ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ആരും ഇല്ലായിരുന്നു. അവിടെ നിന്ന് ഓര്‍ത്തോ വിഭാഗത്തില്‍ എത്തിയപ്പോഴും ഇതായിരുന്നു അവസ്ഥ. 7 പേരുള്ള ഗൈനക്കോളജി വിഭാഗത്തില്‍ ഒ.പി. ഇല്ലെന്ന് ബോര്‍ഡ് വച്ചിരുന്നു. ഗൈനക്കോളജി ഓപ്പറേഷന്‍ തീയറ്ററിലും ലേബര്‍ റൂമിലും ഉള്ള 3 ഗൈനക്കോളജിസ്റ്റുകളെ മന്ത്രി കണ്ടു.
ഒ.പി. വിഭാഗത്തിലെ ഡോക്ടര്‍മാരെ അന്വേഷിച്ചപ്പോള്‍ പലരും റൗണ്ട്‌സിലാണെന്ന വിവരമാണ് ലഭിച്ചത്. ഉടന്‍ തന്നെ മന്ത്രി വാര്‍ഡുകളിലെത്തി കേസ് ഷീറ്റ് പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ അവിടെയും എത്തിയിട്ടില്ലെന്ന് ബോധ്യമായി. മാത്രമല്ല വാര്‍ഡുകളില്‍ റൗണ്ട്‌സും കൃത്യമായി നടക്കുന്നില്ലെന്നും കണ്ടെത്തി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ അറ്റന്റന്‍സ് പരിശോധിക്കുകയും കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
9 മണി വരെ ഒരു ഒ.പി. കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇ.സി.ജി. റൂം അടച്ചിരിക്കുന്നു. ജീവനക്കാരുടെ കുറവ് പരിഹരിച്ച് എത്രയും വേഗം ഇവ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. അടിയന്തരമായി ഇ.സി.ജി. ടെക്‌നീഷ്യനെ നിയമിക്കാനും നിര്‍ദേശം നല്‍കി.
ആശുപത്രിയിലെത്തിയ മന്ത്രി പല രോഗികളുമായും സംസാരിച്ചു. അതിലൊരു രോഗി ആശുപത്രിയില്‍ നിന്നും ചികിത്സാ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് പരാതി പറഞ്ഞു. മന്ത്രി അവരുടെ രേഖകള്‍ പരിശോധിച്ച് അര്‍ഹതപ്പെട്ട ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. ആശുപത്രിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറോട് മന്ത്രി റിപ്പോര്‍ട്ട് തേടി.
അടുത്തിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മന്ത്രി മുന്നറിയിപ്പില്ലാതെ രാത്രി സന്ദര്‍ശനം നടത്തിയിരുന്നു. അതിനുശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ അത്യാധുനിക അത്യാഹിത വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.