എറണാകുളം: അസംഘടിത തൊഴിലാളികള്‍ക്ക് വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ നേരിട്ട് ലഭ്യമാക്കുന്നതിനായുള്ള ഇ-ശ്രം രജിസ്‌ട്രേഷന്‍ ജില്ലയില്‍ ഒരു ലക്ഷം കടന്നു. അസംഘടിത തൊഴിലാളികളുടെ ദേശീയ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും ഇതിലൂടെ ഭാവിയില്‍ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും തൊഴില്‍ കാര്‍ഡ് നല്‍കുന്നതിനുമായാണ് ഇ- ശ്രം രജിസ്‌ട്രേഷന്‍. ജില്ലാ കളക്ടര്‍ ചെയര്‍മാനും എന്‍ഫോഴ്‌സ്‌മെന്റ് ജില്ലാ ലേബര്‍ ഓഫീസര്‍, കേന്ദ്ര അസി. ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ മെമ്പര്‍ സെക്രട്ടറിമാരുമായുള്ള ഇംപ്ലിമെന്റേഷന്‍ കമ്മറ്റിയാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഗ്രാമവികസനം, പഞ്ചായത്ത്, നഗരകാര്യം, സാമൂഹ്യ നീതി, വനിതാശിശുക്ഷേമം, ഫിഷറീസ്, എന്‍ എച്ച് എം, കൃഷി, കുടുംബശ്രീ മിഷന്‍, മൃഗ സംരക്ഷണം തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ രജിസ്‌ട്രേഷന്‍ നടപടികളുമായി സജീവമായി രംഗത്തുണ്ട്. ഞായറാഴ്ച മുതല്‍ ഒരു മാസം നീളുന്ന പ്രത്യേക ക്യാമ്പയിന്‍ പരിപാടിക്ക് ഇംപ്ലിമെന്റേഷന്‍ കമ്മറ്റി രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ എല്ലാ ദിവസവും വിലയിരുത്തും. എല്ലാ വകുപ്പുകളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തും. രജിസ്‌ട്രേഷന്‍ നടപടികള്‍ സ്വയം പൂര്‍ത്തീകരിക്കാന്‍ തൊഴിലാളികളെ പ്രാപ്തരാക്കുന്നതിനായി പ്രത്യേക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും കമ്മറ്റി തീരുമാനമെടുത്തിട്ടുണ്ട്. പഞ്ചായത്ത്, നഗരസഭാ പ്രദേശങ്ങളില്‍ വിവിധ വിഭാഗങ്ങള്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും.ഭിന്നശേഷി, ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കിടയിലും ഇ- ശ്രം രജിസ്‌ട്രേഷന്‍ കാര്യക്ഷമായി നടന്നു വരുന്നു.