കോഴിക്കോട്ടെ ഐടി കമ്പനിയില്‍ യുറോപ്യന്‍ രാജ്യമായ മാള്‍ട്ടയുടെ നിക്ഷേപം

Spread the love

കോഴിക്കോട്: നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചികിത്സാ സംവിധാനം വികസിപ്പിച്ച കോഴിക്കോട് ആസ്ഥാനമായ ഐടി സ്റ്റാര്‍ട്ടപ്പ് ഇന്റ്പര്‍പ്പിളില്‍ യുറോപ്യന്‍ രാജ്യമായ മാള്‍ട്ടയുടെ നിക്ഷേപം. മാള്‍ട്ട സര്‍ക്കാരിനു കീഴിലുള്ള സാമ്പത്തിക വികസന ഏജന്‍സിയായ മാള്‍ട്ട എന്റര്‍പ്രൈസ് ആണ് ഇന്റ്പര്‍പ്പിളിന് ഗ്രാന്റ് അനുവദിച്ചത്. തുക വെളിപ്പെടുത്തിയിട്ടില്ല. ഇതോടൊപ്പം മാള്‍ട്ടയിലെ ഗോസോ ഇന്നൊവേഷന്‍ ഹബില്‍ ഓഫീസ് തുറക്കാനും ഇന്റ്പര്‍പ്പിളിന് അവസരമുണ്ട്. മാള്‍ട്ട സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് ഗവേഷണത്തിനും ഉപകരണങ്ങള്‍ വാങ്ങാനും ജീവനക്കാര്‍ക്ക് വേതനം നല്‍കാനും ഉപയോഗിക്കുമെന്ന് ഇന്റ്പര്‍പ്പിള്‍ സ്ഥാപകനും സിഇഒയുമായ ശാഹിര്‍ കുങ്ങഞ്ചേരി പറഞ്ഞു.

മാൾട്ടയിലെ ഫണ്ടുകൾ

ഹെല്‍ത്ത് കെയര്‍ രംഗത്ത് നിര്‍മിത ബുദ്ധി സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഇന്റ്പര്‍പ്പിള്‍ വികസിപ്പിച്ച ഫെലിക്സാകെയര്‍ എന്ന ചികിത്സാ സഹായ സോഫ്റ്റ്‌വെയറിനാണ് മാള്‍ട്ട സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്. അവിടെ സര്‍ക്കാരിനു കീഴിലുള്ള ആശുപത്രിയില്‍ ഈ സോഫ്റ്റ്‌വെയര്‍ പരീക്ഷിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ശാഹിര്‍ പറഞ്ഞു.

 ശാഹിര്‍ കുങ്ങഞ്ചേരി

സ്ഥിര രോഗികളുടെ തുടര്‍ ചികിത്സയ്ക്കും വീട്ടില്‍ തന്നെ ചികിത്സിക്കാനും നിരന്തരം നിരീക്ഷിക്കാനും സൗകര്യമൊരുക്കുന്ന നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയാണ് ഫെലിക്സാകെയര്‍. ഇതുപയോഗിച്ച് ഡോക്ടര്‍മാക്ക് വേഗത്തില്‍ കൃത്യമായ തീരുമാനമെടുക്കാനും രോഗികള്‍ക്ക് വരുന്ന അനാവശ്യ ചെലവുകള്‍ ഗണ്യമായി കുറക്കാനും സാധിക്കും- ശാഹിര്‍ പറഞ്ഞു. നിലവില്‍ കേരളത്തിലെ നിരവധി പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ വീടുകളിലെ കിടപ്പു രോഗികള്‍ക്ക് സേവനങ്ങളെത്തിക്കാന്‍ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുണ്ട്.

ബഹുരാഷ്ട്ര ഐടി കമ്പനിയായ ഐബിഎമ്മില്‍ ബംഗളുരുവിലെ ജോലി ഉപേക്ഷിച്ച് കോവിഡ് കാലത്താണ് ശാഹിറും സുഹൃത്തുക്കളായ ഫസല്‍ അമ്പലങ്ങാടന്‍, ഹാറൂന്‍ ഇളയിടത്ത് എന്നിവരും ചേര്‍ന്ന് കോഴിക്കോട് മുക്കം എന്‍ഐടിക്കു സമീപം ഇന്റ്പര്‍പ്പിള്‍ സ്ഥാപിച്ചത്. 2020 ഫെബ്രുവരിയിലായിരുന്നു തുടക്കം. 12 ജീവനക്കാരുണ്ട്. ഫസല്‍ കമ്പനി സിഒഒയും ഹാറൂന്‍ സിടിഒയുമാണ്. ലോക്ഡൗണ്‍ കാലത്ത് എല്ലാം അടച്ചിട്ടിരിക്കുമ്പോള്‍ എങ്ങനെ രോഗികള്‍ക്ക് നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച പരിചരണവും ചികിത്സയിലും ഉറപ്പാക്കാമെന്ന ചിന്തയില്‍ നിന്നാണ് ഫെലിക്സാകെയര്‍ രൂപംകൊണ്ടതെന്ന് ഇവര്‍ പറഞ്ഞു.

റിപ്പോർട്ട്  :   ASHA MAHADEVAN (Account Executive)

Author

Leave a Reply

Your email address will not be published. Required fields are marked *