ഒന്റേറിയൊ(കാനഡ): ദക്ഷിണാഫ്രിക്കയില്‍ ഇതിനകം തന്നെ കണ്ടെത്തിയ കോവിഡ് 19 വേരിയന്റ് ഒമൈക്രോണ്‍ കേസ്സുകള്‍ മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. നൈജീരിയായില്‍ ആയിരുന്ന രണ്ടു പേര്‍ ഒന്റേറിയോയില്‍ എത്തിയതോടെയാണ് രണ്ടു പേരിലും കോവിഡ് 19 ഒമൈക്രോണ്‍ വേരിയന്റ് സ്ഥിരീകരിക്കപ്പെട്ടതായി ഒന്റേറിയൊ ആരോഗ്യ വകുപ്പു അധികൃതര്‍ ഔദ്യോഗീകമായി അറിയിച്ചത്.
ഒമൈക്രോണ്‍ വൈറസിന്റെ വ്യാപനത്തെകുറിച്ച് സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കയാണെന്നും, കാനഡ, യു.എസ്. എന്നിവിടങ്ങളില്‍ ഇതിന്റെ വ്യാപനം ഉണ്ടാകുമെന്നുതന്നെയാണ് കരുതുന്നതെന്നും, ഇതിനെ പ്രതിരോധിക്കാന്‍ യാത്രാവിലക്ക് ഉള്‍പ്പെടെ വിവിധ മാര്‍ഗങ്ങള്‍ പരിഗണിച്ചു വരികയാണെന്നും കാനഡ പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍ജി ഒരു പ്രസ്താവനയില്‍ അറിയിച്ചു.
പതിനാലുദിവസങ്ങള്‍ സൗത്ത് ആഫ്രിക്ക ഉള്‍പ്പെടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങിവരുന്നവര്‍ക്ക് കാനഡയില്‍ പ്രവേശനം നല്‍കുന്നതിനു മുമ്പു കര്‍ശന പരിശോധനക്ക് വിധേയരാകേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അതേ സമയം യു.എസ്സിലും ഒമൈക്രോണ്‍ വേരിയന്റ് ഇതിനകം തന്നെ എത്തിച്ചേര്‍ന്നിരിക്കുമെന്നാണ് ആന്റേണി ഫൗച്ചി പറയുന്നത്. പുതിയ വേരിയന്റിനെ കുറിച്ചു പഠിക്കുന്നതിന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് രണ്ടു ആഴ്ചയെങ്കിലും വേണ്ടിവരുമെന്നും ഫൗച്ചി കൂട്ടിച്ചേര്‍ത്തു.