ഇടുക്കി: ഭാസുര- ഭക്ഷ്യഭദ്രതാ ഗോത്രവര്‍ഗ്ഗ വനിതാ കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം പാറേമാവിലെ പഞ്ചായത്ത് കൊലുമ്പന്‍ കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് നിര്‍വ്വഹിച്ചു. ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും കടമയും സര്‍ക്കാരിന്റെയും വകുപ്പിന്റെയും ഉത്തരവാദിത്തമാണെന്നും പ്രസിഡന്റ് പറഞ്ഞു. ഏത് പദ്ധതിയും പ്രാവര്‍ത്തികമാക്കേണ്ടത് അതിന്റെ ഉദ്ദേശം മനസിലാക്കിയാകണമെന്ന് പ്രസിഡന്റ് പറഞ്ഞു. പരിപാടിയില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷനംഗം വി.രമേശന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍, കേരളത്തിലെ ഗോത്ര വര്‍ഗ്ഗ മേഖലയ്ക്ക് കരുത്തും കരുതലും പകരുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഗോത്ര വര്‍ഗ്ഗ വനിതാ കൂട്ടായ്മയാണ് ഭാസുര. ഗോത്രവര്‍ഗ്ഗ ജനതയ്ക്ക് ഭക്ഷ്യ ഭദ്രത ഉറപ്പു വരുത്തുന്നതിനും ‘ഭക്ഷണം ഔദാര്യമല്ല അവകാശമാണ് ‘ എന്ന ആശയം പ്രചരിപ്പിക്കുകയും സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ വിതരണം ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്‍മയും കൃത്യതയും ഉറപ്പുവരുത്തുവാന്‍ ഗോത്ര വര്‍ഗ്ഗസമൂഹത്തിന് അവബോധം നല്കുകയുമാണ് ഇതിന്റെ ലക്ഷ്യം. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഭക്ഷ്യ ഭദ്രത ഉറപ്പു വരുത്തുന്നതിനായി നിലവില്‍ വന്ന ഭക്ഷ്യ ഭദ്രതാ നിയമം – 2013 സംസ്ഥാനത്ത് സുതാര്യമായും കാര്യക്ഷമമായും നടപ്പില്‍ വരുത്തുന്നതിനായി രൂപീകരിക്കപ്പെട്ട ഭക്ഷ്യ കമ്മീഷന്‍, കേരളത്തിലെ ഗോത്രവര്‍ഗ മേഖലയിലേക്ക് കരുത്തു പകരുക എന്ന ലക്ഷ്യത്തിലാണ് ഭാസുര എന്ന ഗോത്രവര്‍ഗ്ഗ കൂട്ടായ്മ രൂപീകരിച്ചത്.