ഒന്‍പതു മാസം; ജില്ലയില്‍ ഹരിതകര്‍മസേന നീക്കിയത് 252.56 ടണ്‍ മാലിന്യം

Spread the love

രണ്ടു മാസം; 88.81 ലക്ഷം രൂപ വരുമാനംകോട്ടയം: ജില്ലയില്‍ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്, കുപ്പിച്ചില്ല് അടക്കം ഒമ്പതു മാസത്തിനിടെ നീക്കം ചെയ്തത് 252.56 ടണ്‍ മാലിന്യം. ഹരിതചട്ടം ജില്ലയില്‍ കര്‍ശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ കൂടിയ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിലയിരുത്തല്‍. പുനരുപയോഗിക്കാവുന്ന 52241 കിലോ പ്ലാസ്റ്റിക്, 176975 കിലോ മറ്റു മാലിന്യങ്ങള്‍, 23345 കിലോ ഗ്ലാസ്

എന്നിവയാണ് ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ നീക്കം ചെയ്തതെന്ന് ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേശ് പറഞ്ഞു.ഹരിതകര്‍മസേന വഴിയാണ് മാലിന്യം ശേഖരിക്കുന്നത്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമായി 1935 ഹരിത കര്‍മസേനാംഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഹരിതകര്‍മ്മ സേനക്ക് യൂസര്‍ ചാര്‍ജ് വാങ്ങുന്നതിന് അനുമതിയുണ്ട്. മാടപ്പള്ളി, വാകത്താനം, പുതുപ്പള്ളി, കുറിച്ചി എന്നി ഗ്രാമപഞ്ചായത്തുകളില്‍ രണ്ടു ലക്ഷം രൂപയ്ക്കു മുകളിലാണ് ഇവരുടെ വരുമാനം. പനച്ചിക്കാട്, അയ്മനം, തൃക്കൊടിത്താനം, വാഴപ്പള്ളി, നെടുംകുന്നം, എരുമേലി, അകലക്കുന്നം, കടുത്തുരുത്തി, പാമ്പാടി, ഭരണങ്ങാനം, കറുകച്ചാല്‍, വാഴൂര്‍, പായിപ്പാട് പഞ്ചായത്തുകളില്‍ ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനമുണ്ട്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ഹരിതകര്‍മസേന 88.81 ലക്ഷം രൂപ വരുമാനം നേടി. ഗ്രാമപഞ്ചായത്തുകളില്‍നിന്ന് 77.93 ലക്ഷവും നഗരസഭകളില്‍നിന്ന് 10.87 ലക്ഷവുമാണ് വരുമാനം. നീക്കം ചെയ്യുന്ന വസ്തുക്കള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് സംസ്‌ക്കരണത്തിനായി കൈമാറുന്നതു വരെ സൂക്ഷിക്കുന്നതിന് ജില്ലയില്‍ 75 മാലിന്യശേഖര കേന്ദ്രങ്ങളും 1320 ചെറുകിട മാലിന്യശേഖര കേന്ദ്രങ്ങളും 16 റിസോഴ്സ് റിക്കവറി സംവിധാനവുമുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *