താറാവുകറിയും മുട്ടയും വിളമ്പി ഡക്ക് ഫെസ്റ്റ്

Spread the love

ധൈര്യമായി കഴിക്കാം താറാവ് ഇറച്ചിയും മുട്ടയും

കോട്ടയം: ജനങ്ങളുടെ പക്ഷിപ്പനിപ്പേടി അകറ്റാന്‍ താറാവുകറിയും മുട്ടയും കഴിച്ചുകാട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും. താറാവ് കര്‍ഷകരുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടത്തിയ ഡക്ക് ഫെസ്റ്റില്‍ താറാവ് കര്‍ഷകരടക്കം നിരവധി പേര്‍ പങ്കാളികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ജില്ലാ പഞ്ചായത്തംഗങ്ങളായ റ്റി.എന്‍. ഗിരീഷ്‌കുമാര്‍, മഞ്ജു സുജിത്ത്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഒ.റ്റി. തങ്കച്ചന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഷാജി പണിക്കശേരി, കര്‍ഷകര്‍, ജീവനക്കാര്‍ എന്നിവര്‍ അപ്പവും താറാവ് കറിയും ഭക്ഷിച്ച് മാതൃക പകര്‍ന്നു. നന്നായി വേവിച്ച് താറാവ് ഇറച്ചിയും മുട്ടയും കഴിക്കുന്നതിന് പേടിക്കേണ്ടതില്ലെന്നും സുരക്ഷിതമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. താറാവ് ഇറച്ചിയും മുട്ടയും കഴിച്ചു കാട്ടി ജനങ്ങളില്‍ ധൈര്യം പകരാനാണ് ഫെസ്റ്റില്‍ പങ്കെടുത്തതെന്നും ആശങ്കവേണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

പക്ഷിപ്പനി മൂലം താറാവ് ഇറച്ചി, മുട്ട എന്നിവയുടെ വിപണനത്തിന് വന്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ബോധവത്കരണ ശ്രമങ്ങളുടെ ഭാഗമായാണ് അയ്മനം, കുമരകം മേഖലയിലെ താറാവ് കര്‍ഷകരുടെ നേതൃത്വത്തില്‍ ഡക്ക് ഫെസ്റ്റ് സംഘടിപ്പിച്ചത്. നൂറ്റിയമ്പതോളം പേര്‍ക്ക് അപ്പവും താറാവുകറിയും തയാറാക്കി നല്‍കി.
ഏറെ പ്രതീക്ഷയോടെ ക്രിസ്മസ് – പുതുവത്സര വിപണിയെ കാത്തിരുന്ന താറാവ് കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് ഡിസംബര്‍ 14 ന് റിപ്പോര്‍ട്ട് ചെയ്ത പക്ഷിപ്പനി മൂലം ഉണ്ടായത്. നന്നായി വേവിച്ച താറാവ് ഇറച്ചിയും മുട്ടയും ഭക്ഷിക്കാമെന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും നിര്‍ദേശിച്ചിരുന്നെങ്കിലും താറാവ് വിപണി സജീവമായിരുന്നില്ല. ഡക്ക് ഫെസ്റ്റിലൂടെ ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കാനാകുമെന്നാണ് താറാവ് കര്‍ഷകരുടെ പ്രതീക്ഷ.

Author

Leave a Reply

Your email address will not be published. Required fields are marked *