ജനുവരി 6: ബൈഡന്റെ ആരോപണങ്ങള്‍ പരാജയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനെന്ന് ട്രംപ്

Spread the love

വാഷിംഗ്ടണ്‍: ജനുവരി ആറിനു യുഎസ് കാപ്പിറ്റോളില്‍ നടന്ന ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ രാഷ്ട്രത്തോടായി പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പ്രസംഗത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനേയും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയേയും നിശിതമായി വിമര്‍ശിക്കുകയും, അന്ന് ഉണ്ടായ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ട്രംപിനാണെന്നു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതിനെ അതേ നാണയത്തില്‍ ട്രംപ് തിരിച്ചടിച്ചു. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ബൈഡന്‍ സ്വീകരിച്ച പല നടപടികളും പൂര്‍ണ പരാജയമായിരുന്നുവെന്നും, അതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനും, മഹത്തായ രാഷ്ട്രത്തെ വിഭജിക്കുന്നതിനുമാണ് തനിക്കും താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്കും എതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

രാഷ്ട്രത്തിന് ഇന്ന് അതിര്‍ത്തികള്‍ ഇല്ലാതായിരിക്കുന്നു. റിക്കാര്‍ഡ് നമ്പരില്‍ യുഎസില്‍ കോവിഡ് വ്യാപകമാകുന്നു. പണപ്പെരുപ്പം കൊണ്ട് ജനം പൊറുതിമുട്ടുന്നു. യുഎസ് മിലിട്ടറി അങ്കലാപ്പിലാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പിന്മാറ്റം രാഷ്ട്രത്തിന്റെ മഹത്തായ ചരിത്രത്തില്‍ കറുത്ത ലിപികളില്‍ രേഖപ്പെടുത്തിയിരിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ജനുവരി ആറിന് രാവിലെ കാപ്പിറ്റോള്‍ നാഷണല്‍ സ്റ്റാച്വറി ഹാളില്‍ നിന്നാണ് ബൈഡന്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. ജനുവരി ആറിനു നടന്ന സംഭവം രാഷ്ട്ര താത്പര്യത്തെ സംരക്ഷിക്കുന്നതിനല്ല, മറിച്ച് സ്വന്തം താത്പര്യം പ്രകടിപ്പിക്കുന്നതിനും, നുണ പ്രചാരണത്തിലൂടെയും അക്രമങ്ങളിലൂടെയും ഭരണത്തില്‍ തുടരുക എന്ന ഗൂഢലക്ഷ്യം നിറവേറ്റുന്നതിനുമാണ് ട്രംപ് ശ്രമിച്ചതെന്ന് ബൈഡന്‍ ആരോപിച്ചു.

കാപ്പിറ്റോളില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ ഏഴോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രാഷ്ട്രത്തിനു സംഭവിച്ച മുറിവുകള്‍ ഉണങ്ങുന്നതിന് ദീര്‍ഘനാളത്തെ ചികിത്സ ആവശ്യമാണെന്നും വൈസ് പ്രസിഡന്റ് കമല ഹാരിസും ട്രംപിനെതിരായും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരായും ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *