കെ – റെയിൽ പദ്ധതിയ്ക്കെതിരെ യുഡിഎഫ് ഉൾപ്പെടെ ആരുമായും സഹകരിക്കാൻ തയ്യാറാണെന്ന ഇ.ശ്രീധരന്റെ പ്രസ്താവന സംസ്ഥാനത്തിന്റെ വികസനം മുടക്കാൻ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന പരസ്യപ്രഖ്യാപനമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി. അതിവേഗ റെയിലിന്റെ കാര്യത്തിലെ ഇ.ശ്രീധരന്റെ മലക്കംമറിച്ചിൽ ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രസ്താവന.
കേരളത്തിൽ അതിവേഗ റെയിൽ ഇടനാഴി വേണമെന്ന് ഇ.ശ്രീധരൻ വാദിക്കുന്നത് സംബന്ധിച്ച വാർത്തകൾ ഗൂഗിളിൽ തിരഞ്ഞാൽ ഏതു കൊച്ചു കുട്ടിക്കും കിട്ടും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അതിവേഗ റെയിൽ ഇടനാഴി കേരളത്തിലെ സാമ്പത്തിക സ്ഥിതി ഏറെ മെച്ചപ്പെടുത്തുമെന്ന് പതിനാലാമത് എ കെ നായർ മെമ്മോറിയൽ പുരസ്കാരം ഏറ്റുവാങ്ങവെ ഇ. ശ്രീധരൻ പറഞ്ഞത് ദ ഹിന്ദു 2011 നവംബർ 17ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കേരളത്തിലെ അതിവേഗ റെയിൽ നെറ്റ്‌വർക്കിന്റെ കൺസൾട്ടന്റ് ആവാൻ ആഗ്രഹമുണ്ടെന്ന് ഇ.ശ്രീധരൻ കോളേജ് വിദ്യാർത്ഥികളുമായി സംവദിക്കവെ പറഞ്ഞകാര്യം 2016 ഫെബ്രുവരി 25 ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേ ഇ. ശ്രീധരൻ ആണ് തൊടുന്യായങ്ങൾ പറഞ്ഞ് കെ – റെയിൽ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നത്. കെ -റെയിൽ പദ്ധതി മുടക്കാൻ കേന്ദ്രസർക്കാരിനെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ഉള്ള ശ്രമങ്ങളും ഇ. ശ്രീധരൻ നടത്തുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.