ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയ സംസ്ഥാനത്തെ വലിയ കൗണ്ടികളിലൊന്നായ ലോസ്ആഞ്ചലസില്‍ ഞായറാഴ്ച മാത്രം 45,000 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് ഔദ്യോഗികമായി അറിയിച്ചു. 13 കോവിഡ് മരണങ്ങളും ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പാന്‍ഡമിക് ആരംഭിച്ചതിനുശേഷം ലോസ്ആഞ്ചലസ് കൗണ്ടിയില്‍ മാത്രം മരിച്ചവരുടെ എണ്ണം 27,785 ആയി ഉയര്‍ന്നു.
അനിയന്ത്രിതമായി വ്യാപിക്കുന്ന കോവിഡിനൊപ്പം പുതിയ വേരിയന്റായ ഒമിക്രോണും പടരുന്നു. ദിവസേന കൗണ്ടിയില്‍ 1,15,000 പേര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നു. ഇതില്‍ 20 ശതമാനത്തിനും രോഗം സ്ഥിരീകരിക്കുന്നതായി കൗണ്ടി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയിലെ കോവിഡ് കേസുകള്‍ പുതിയ റിക്കാര്‍ഡിലേക്ക് എത്തിയിരിക്കുന്നു. ഏഴു ദിവസത്തിനുള്ളില്‍ 2,00,000 പുതിയ കേസുകളാണ് കൗണ്ടിയില്‍ സ്ഥിരീകരിച്ചത്.
പാന്‍ഡമിക് ആരംഭിച്ചതിനുശേഷം ലോസ്ആഞ്ചലസ് കൗണ്ടിയില്‍ രണ്ടു മില്യന്‍ കോവിഡ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച 3364 പേരെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഒമിക്രോണ്‍ വേരിയന്റുമായി ആശുപത്രിയില്‍ കഴിയുന്നവരില്‍ രോഗ ലക്ഷണങ്ങള്‍ ഗുരുതരമായി കാണുന്നതായും അധികൃതര്‍ അറിയിച്ചു.