കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ആദ്യ ഓപ്പറേഷന്‍ തീയറ്റര്‍ ജനുവരി 15ന് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യും

Spread the love

ആശുപത്രി വികസന സൊസൈറ്റിയുടെ ആദ്യ യോഗവും അന്നേ ദിവസം ചേരും

ജനങ്ങള്‍ക്ക് കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ തയാറാകുന്നതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയ ആദ്യ ഓപ്പറേഷന്‍ തീയറ്റര്‍ ജനുവരി 15ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും പങ്കെടുത്ത് മെഡിക്കല്‍ കോളജില്‍ അവലോകന യോഗവും ചേര്‍ന്നു.
ഓപ്പറേഷന്‍ തീയറ്ററിനൊപ്പം ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കുമുള്ള ഡ്യൂട്ടിമുറികള്‍, സ്റ്റോര്‍ റൂം, ചെയിഞ്ചിംഗ് റൂം തുടങ്ങിയവയും തയാറാക്കി കഴിഞ്ഞു. വെന്റിലേറ്റര്‍ സൗകര്യത്തോടെയുള്ള ഐസിയു, പ്രീ ഓപ്പറേറ്റീവ് വാര്‍ഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് എന്നിവ സജ്ജമാക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ഉദ്ഘാടനത്തോടൊപ്പം ഇവയെല്ലാം സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു.
ആശുപത്രി വികസന സൊസൈറ്റിയുടെ പ്രഥമ ജനറല്‍ ബോഡി യോഗവും അന്നേ ദിവസം ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. നിയമസഭയില്‍ പ്രാതിധിത്യമുള്ള എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികള്‍ എച്ച്ഡിഎസിന്റെ ഭാഗമാണ്. എച്ച്ഡിഎസ് യാഥാര്‍ഥ്യമാകുന്നതോടെ മെഡിക്കല്‍ കോളജ് വികസനത്തിന് കൂടുതല്‍ വേഗത കൈവരുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
കോവിഡ് മൂന്നാം തരംഗ സാധ്യത മുന്‍നിര്‍ത്തി മെഡിക്കല്‍ കോളജിനെ സജ്ജമാക്കണമെന്ന് എംഎല്‍എ നിര്‍ദേശം നല്കി. ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തണം.
ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കാന്‍ ചേഞ്ച് ഓവര്‍ പ്ലാന്റ്, 15 ഓക്‌സിജന്‍ പോര്‍ട്ടുകള്‍ തുടങ്ങിയവ കൂടി ആവശ്യമുണ്ടെന്ന് സൂപ്രണ്ട് യോഗത്തെ അറിയിച്ചു. ഇതിനായി 3.5 ലക്ഷം രൂപ ആവശ്യമുണ്ട്.
അടിയന്തിര സാഹചര്യം മുന്‍നിര്‍ത്തി തുക അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. കോവിഡ് സാഹചര്യം നേരിടാന്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ ഭരണകൂടം ആവശ്യമായ സഹായം നല്കും. ഫെഡറല്‍ ബാങ്ക് മെഡിക്കല്‍ കോളജിനു നല്കുന്ന 10 ലക്ഷം രൂപയുടെ ഉപകരണങ്ങളും അന്നേ ദിവസം മന്ത്രി ഏറ്റുവാങ്ങും.
ഓപ്പറേഷന്‍ തീയറ്റര്‍ കൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെ കൂടുതല്‍ ചികിത്സാ സൗകര്യം ജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് എംഎല്‍എ പറഞ്ഞു. ഇനിയും ആറ് തീയറ്ററുകള്‍ കൂടി സജ്ജമാക്കേണ്ടതുണ്ട്. കിഫ്ബിയില്‍ നിന്നും 19.64 കോടി രൂപ ഉപകരണങ്ങള്‍ക്ക് ലഭ്യമാകുന്നതോടെ മെഡിക്കല്‍ കോളജ് മികച്ച ചികിത്സാ സൗകര്യമുള്ള ആശുപത്രിയായി മാറുമെന്നും എംഎല്‍എ പറഞ്ഞു. ഓപ്പറേഷന്‍ തീയറ്ററും, അനുബന്ധ സൗകര്യങ്ങളും എംഎല്‍എയും ജില്ലാ കളക്ടറും സന്ദര്‍ശിച്ചു.
യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, പ്രിന്‍സിപ്പല്‍ ഡോ. മിന്നി മേരി മാമ്മന്‍, സൂപ്രണ്ട് ഡോ. പി.വി.രാജേന്ദ്രന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എ.ഷാജി, ശിശുരോഗ വിഭാഗം മേധാവി ഡോ. ദേവകുമാര്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എസ്.ശ്രീലത, മെഡിസിന്‍ വിഭാഗം മേധാവി ഡോ. ആര്‍.എന്‍.കെ. ശങ്കര്‍, ഡോ. ശ്രീകാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *