കെ-റെയില്‍ : സംശയങ്ങള്‍ക്കെല്ലാം ഉത്തരമുണ്ട്

Spread the love

തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഹാളില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിശദീകരണ യോഗം ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടിയില്‍ ജില്ലയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വ്യാവസായിക രംഗത്തെ ക്ഷണിക്കപ്പെട്ട അതിഥികള്‍ പങ്കെടുത്തു. ഇവരുടെ ചോദ്യങ്ങള്‍ക്ക് കെ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി. അജിത്കുമാര്‍ മറുപടി നല്‍കി.

സദസില്‍ നിന്ന് അഭിനന്ദനങ്ങള്‍ ഏറെ
സില്‍വര്‍ ലൈന്‍ പദ്ധതി പോലുള്ള വമ്പന്‍ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിനെ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി പ്രസാദ് ജോണ്‍ അഭിനന്ദിച്ചു. കോവിഡ് തകര്‍ത്ത വ്യാപാര മേഖലയുടെ സാമ്പത്തിക ബാധ്യതയില്‍നിന്ന് കരകയറുന്ന തിനു സഹായകമാണ് ഈ പദ്ധതി. സില്‍വര്‍ ലൈന്റെ എണ്‍പത് ശതമാനത്തോളം നിക്ഷേപവും വ്യാപാരമേഖലയ്ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കാവശ്യമായ സൗരോര്‍ജപാനലുകള്‍ ആവശ്യമനുസരിച്ച് നല്‍കാന്‍ തയാറാണെന്ന് സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ഫാ.ഡോ.ഏബ്രഹാം മുളമൂട്ടില്‍ പറഞ്ഞു. കെ റെയില്‍ പദ്ധതി നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച സാമൂഹിക പ്രവര്‍ത്തക ഡോ. എം.എസ്. സുനില്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

ചോദ്യം: സില്‍വര്‍ ലൈന്‍ പ്രാവര്‍ത്തികമാക്കുന്നതിന് വേണ്ട പ്രകൃതിവിഭവങ്ങള്‍ക്കായി പശ്ചിമഘട്ട മേഖലയെ ആശ്രയിക്കുമ്പോള്‍ അത് വന്‍ പ്രകൃതി ദുരന്തിന് കാരണമാകുമോ, മാത്രമല്ല വിശദമായ പദ്ധതി റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ എന്തുകൊണ്ടാണ് അവതരിപ്പിക്കാത്തത്- ഡോ. മാത്യു കോശി( സിഎസ്ഐ പരിസ്ഥിതി നയരൂപീകരണ ഡയറക്ടര്‍).

ഉത്തരം – നമ്മുടെ കേരളത്തെ സംബന്ധിച്ചിടത്തോളം ദിവസംതോറം വാഹനത്തിന്റെ എണ്ണം നിരത്തുകളില്‍ കൂടി വരികയാണ്. നാല് വരിയുള്ള ദേശീയ പാതകള്‍ പത്ത് കൊല്ലത്തിനുള്ളില്‍ ആറ് വരിയെങ്കിലുമാക്കേണ്ടി വരും. ഒരു ബദല്‍ സംവിധാനം ഉണ്ടായില്ലെങ്കില്‍ വര്‍ഷം കഴിയുന്തോറും ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്യുന്നത്. ഒരു ദേശീയ പാത നിര്‍മിക്കാന്‍ ആവശ്യമുള്ള പ്രകൃതി വിഭവങ്ങളുടെ പകുതി മാത്രം മതിയാകും ഈ സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍. ഇത് പൂര്‍ത്തിയാക്കുന്നതോടെ നിരത്തുകളിലെ വാഹനപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ സാധിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആദ്യ വര്‍ഷത്തില്‍ തന്നെ 12872 വാഹനങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. പ്രതിദിനം 46206 പേര്‍ ഈ പദ്ധതിയുടെ ഉപയോക്താക്കളായി മാറും.
വിശദമായ പദ്ധതി റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് പൂര്‍ണമായ അനുമതി ലഭിച്ചതിന് ശേഷമായിരിക്കും. മാത്രമല്ല ഈ പദ്ധതിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പബ്ലിക് ഡൊമൈനുകളില്‍ ലഭ്യമാണ്.

ചോദ്യം: സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിനായി സ്ഥലം ഏറ്റെടുക്കേണ്ടി വരുമ്പോള്‍ ഇവിടങ്ങളിലെ താമസക്കാരുടെ പുനരധിവാസം എത്രത്തോളം വേഗത്തില്‍ ഫലപ്രദമായി നടക്കും. മാത്രമല്ല നിര്‍മാണത്തിനാവശ്യമായ പ്രകൃതിവിഭവങ്ങളുടെ സമാഹരണത്തിന്റെ പ്രായോഗികമായ ബുദ്ധിമുട്ട് എങ്ങനെയാണ് പരിഹരിക്കുക – മാത്യുസ് ജോര്‍ജ് ( എന്‍സിപി സംസ്ഥാന സെക്രട്ടറി, പത്തനംതിട്ട).

ഉത്തരം – സ്ഥലമേറ്റെടുക്കേണ്ടി വരുമ്പോള്‍ ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം കൃത്യമായി നല്‍കും. നഷ്ടപരിഹാരം ലഭിച്ചതിന് ശേഷം മാത്രം ഭൂമി വിട്ട് നല്‍കിയാല്‍ മതിയാകും. ഗ്രാമപ്രദേശങ്ങളില്‍ ഭൂമിവിലയുടെ നാല് മടങ്ങ് വരെയും ചമയങ്ങളുടേയും വൃക്ഷങ്ങളുടേയും വിലയുടെ രണ്ട് മടങ്ങും പ്രതിവര്‍ഷം പന്ത്രണ്ട് ശതമാനം വര്‍ദ്ധനയും നല്‍കും. നഗരപ്രദേശങ്ങളില്‍ ഭൂമിയുടേയും ചമയങ്ങളുടേയും വൃക്ഷങ്ങളുടേയും വിലയുടെ രണ്ട് മടങ്ങും പ്രതിവര്‍ഷം പന്ത്രണ്ട് ശതമാനം വര്‍ദ്ധനയുമാണ് സര്‍ക്കാര്‍ നല്‍കാന്‍ നിശ്ചയിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രകൃതിവിഭവങ്ങളുടെ സമഹാരണത്തിനായി ഇന്ത്യന്‍ റെയില്‍വേയുമായി ആലോചനകള്‍ നടക്കുന്നുണ്ട്.

ചോദ്യം: ദേശീയ പാതകളില്‍ നിന്നും അഞ്ഞൂറോളം ട്രക്കുകളെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ നടത്താന്‍ പോകുന്ന റോ റോ സംവിധാനം യാത്രക്കാരെയും അവരുടെ യാത്രയേയും ബാധിക്കുമോ ? സില്‍വര്‍ ലൈന്‍ പ്രാവര്‍ത്തികമായാല്‍ ബിപിഎല്‍ പരിധിയിലുള്ളവര്‍ക്ക് യാത്രാനിരക്കില്‍ കുറവുണ്ടായിരിക്കുമോ ?- (തോമസ് മാത്യു, റിട്ടയേര്‍ഡ് സൂപ്രണ്ട് പിഡബ്ല്യുഡി)

ഉത്തരം- വാഹനാപകടങ്ങളും അന്തരീക്ഷ മലിനീകരണവും ഗതാഗത കുരുക്കും കുറയ്ക്കാനും ദേശീയ പാതകളില്‍ നിന്ന് അഞ്ഞൂറോളം ട്രക്കുകളെ നീക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് റോ റോ സംവിധാനം കൊണ്ട് വരുന്നത്. യാത്രക്കാരുടെ തിരക്കുള്ള സമയത്തോ പകലോ ഇത് നടപ്പാക്കാന്‍ കഴിയില്ല. അതുകൊണ്ട് രാത്രി മാത്രമായിരിക്കും റോ റോ സര്‍വീസ് നടത്തുക. സില്‍വര്‍ ലൈന്‍ പ്രാവര്‍ത്തികമായാല്‍ ബിപിഎല്‍ പരിധിയിലുള്ളവര്‍ക്ക് യാത്രാനിരക്കില്‍ കുറവുണ്ടായിരിക്കുമോയെന്നത് സര്‍ക്കാര്‍ തീരുമാനമായിരിക്കും. അത് അടുത്തഘട്ടത്തിലാകും ചര്‍ച്ചയ്ക്ക് വിധേയമാകുക.

ചോദ്യം: അത്യാസന്ന നിലയിലുള്ള രോഗികളെ വേഗത്തില്‍ അടുത്ത സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള സൗകര്യം കെ റെയിലിലൂടെ ലഭിക്കുമെന്നത് സ്വാഗതാര്‍ഹമാണ്. പക്ഷെ, സില്‍വര്‍ ലൈന്‍ സ്റ്റേഷനുകള്‍ക്ക് മറ്റ് റെയില്‍വേ സ്റ്റേഷനുകളുമായി കണക്ടിവിറ്റി ഉണ്ടാകുമോ- അലക്സാണ്ടര്‍ കൂടാരത്തില്‍( മാനേജിംഗ് ഡയറക്ടര്‍, ഡോ. കെ.എം. ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ചെങ്ങന്നൂര്‍)

ഉത്തരം- സിംഗിള്‍ ടിക്കറ്റ്, ലാസ്റ്റ് മിനിട്ട് കണക്ടിവിറ്റി, ചെയ്ഞ്ച് ഓവര്‍ എന്നിങ്ങനെയുള്ള സംവിധാനമെല്ലാം ഇതില്‍ ഏര്‍പ്പെടുത്തും. കൊച്ചി മെട്രോയുമായി സില്‍വര്‍ ലൈന്‍ കണക്ട് ചെയ്യാന്‍ സാധിക്കും. ഇത്തരം കാര്യങ്ങളെല്ലാം നടപ്പിലാകണമെങ്കില്‍ മുഴുവന്‍ പ്രോജക്ടും പൂര്‍ത്തിയാകണം.

ചോദ്യം: പത്തനംതിട്ട ജില്ലയില്‍ സില്‍വര്‍ ലൈന്‍ കടന്നു പോകുന്നത് 22 കിലോമീറ്ററാണ്. ഈ 22 കിലോമീറ്ററില്‍ താമസിക്കുന്ന ഭൂമി വിട്ട് കൊടുക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തെ കുറിച്ചുള്ള ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. – അഡ്വ.ഫിലിപ്പോസ് തോമസ് (കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ചെയര്‍മാന്‍)

ഉത്തരം- ആശങ്കകള്‍ ഒന്നുമില്ലാതെ തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണും. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഭൂമി ഇടപാടുകള്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധിച്ച ശേഷം ഏറ്റവും കൂടിയ വിലയായിരിക്കും ഭൂവുടമകള്‍ക്ക് നല്‍കുക. മാത്രമല്ല, ഇതിനെ കുറിച്ചുള്ള ഒരു പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക.

ചോദ്യം: ആലപ്പുഴ ജില്ലയ്ക്കും പത്തനംതിട്ട ജില്ലയ്ക്കും കൂടി ചെങ്ങന്നൂരില്‍ ഒരൊറ്റ സ്റ്റോപ്പാണ് സില്‍വര്‍ ലൈനിന് അനുവദിച്ചിരിക്കുന്നത്. അതിന് ഒരു മാറ്റം വരുത്തി കൂടുതല്‍ സ്റ്റോപ്പുകളുണ്ടാകുമോ ? -ഫാ. ജോര്‍ജ് പെരുമ്പട്ടേത്ത് (യാക്കോബായ ചര്‍ച്ച്)

ഉത്തരം – കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ പ്രാരംഭഘട്ടത്തിലുണ്ട്. യാത്രക്കാര്‍ കൂടുതല്‍ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളിലാണ് ഇപ്പോള്‍ സ്റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്.

ചോദ്യം: ഏറ്റെടുക്കുന്ന ഭൂമിയിലെ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്ക് പദ്ധതി നടപ്പാക്കുമ്പോള്‍ ജോലി ഒഴിവുകളില്‍ മുന്‍ഗണന നല്‍കുമോ, മാത്രമല്ല ഈ പദ്ധതി പത്തനംതിട്ടയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം എത്രത്തോളം ഗുണകരമാണ്.-ഡോ. എം.എസ് സുനില്‍, (റിട്ട. പ്രൊഫസര്‍, സാമൂഹിക പ്രവര്‍ത്തക)

ഉത്തരം- ഈ പദ്ധതി നടപ്പാക്കുമ്പോള്‍ ലഭിക്കുന്ന എല്ലാ ഗുണങ്ങളും പത്തനംതിട്ട ജില്ലയ്ക്കും ലഭിക്കും. മാത്രമല്ല ഏറ്റെടുക്കുന്ന ഭൂമിയിലെ അര്‍ഹരായ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്ക് പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന ജോലി ഒഴിവുകളില്‍ മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക പാക്കേജില്‍ പറയുന്നുണ്ട്.

ചോദ്യം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കണ്ടെയ്നര്‍ ട്രാന്‍സ്പോര്‍ട്ട് കൂടി ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടോ- ഷാജി മാത്യു(എക്സ്പോര്‍ട്ടിംഗ് സ്ഥാപന ഉടമ, പത്തനംതിട്ട)

ഉത്തരം- സില്‍വര്‍ ലൈന്‍ പദ്ധതിയിലൂടെ പ്രധാനമായും ആളുകളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യമാണ് മുന്നില്‍ കാണുന്നത്. ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന റോ റോ സംവിധാനം പോലും യാത്രക്കാരില്ലാത്ത രാത്രി സമയത്തായിരിക്കും പ്രാവര്‍ത്തികമാക്കുക. അതുകൊണ്ട് തന്നെ കണ്ടെയ്നര്‍ ട്രാന്‍സ്പോര്‍ട്ട് സംവിധാനം എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന കാര്യം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ചോദ്യം: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥലമേറ്റെടുക്കുന്ന ഭൂവുടമകള്‍ക്ക് എത്ര നാളിനുള്ളില്‍ നഷ്ടപരിഹാരം നല്‍കും ?- ഡോ. ജേക്കബ് ജോര്‍ജ്( പത്തനംതിട്ട നിയോജകമണ്ഡലം പ്രതിനിധി)

ഉത്തരം- ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിച്ച ശേഷം ആ തുക ഉടമയ്ക്ക് കൈമാറിയ ശേഷം മാത്രമേ സ്ഥലം ഏറ്റെടുക്കുകയുള്ളു.

ചോദ്യം: തീര്‍ത്ഥാടന ജില്ലയായ പത്തനംതിട്ടയില്‍ നിലവില്‍ തിരുവല്ലയില്‍ മാത്രമാണ് റെയില്‍വേ സ്റ്റേഷനുള്ളത്. കെ-റെയില്‍ നിലവില്‍ വരുമ്പോള്‍ പോലും ആലപ്പുഴയ്ക്കും പത്തനംതിട്ടയ്ക്കും കൂടി ചെങ്ങന്നൂരിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. അങ്ങനെ നോക്കുമ്പോള്‍ ജില്ലയില്‍ സ്റ്റോപ്പില്ല. ചെങ്ങന്നൂരിലെ സ്റ്റോപ്പ് ടികെ റോഡിന് അടുത്തുള്ള ഇരവിപേരൂരിലേക്ക് മാറ്റണമെന്നത് ജില്ലയുടെ പൊതു ആവശ്യമാണ്. – അഡ്വ. എന്‍. രാജീവ്(സ്റ്റേറ്റ് ഇന്നവേറ്റീവ് കൗണ്‍സില്‍ അംഗം)

ഉത്തരം – രണ്ട് ജില്ലക്കാരുടേയും ആവശ്യം കണക്കിലെടുത്താണ് എളുപ്പത്തിലെത്താന്‍ സാധിക്കുന്ന ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *