റിയാദ്: ഗാനഗന്ധർവൻ പദ്മശ്രീ യേശുദാസിന്റെ 82-)0 ജന്മദിനത്തോടനുബന്ധിച്ചു യേശുദാസ് ആലപിച്ച ഗാനങ്ങൾ മാത്രം കോർത്തിണക്കി നൈറ സൗണ്ട്സ് റിയാദിന്റെ ബാനറിൽ ഗോൾഡൻ മെലോഡീസ് റിയാദ് ന്യൂ മലസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിൽ അണിയിച്ചൊരുക്കിയ ഗന്ധർവ്വൻ@82 എന്ന സംഗീത സന്ധ്യ റിയാദിലെ സംഗീത പ്രേമികൾക്ക് വേറിട്ട അനുഭവമായി.
റിയാദിലെ പ്രിയ ഗായകന്മാരെ ഉൾപ്പെടുത്തി നടത്തിയ ഈ സംഗീത സായാഹ്നം സദസ്സിനു നവ്യാനുഭൂതിയായി മാറി. യേശുദാസിന്റെ പല ഭാഷയിലുള്ള തിരഞ്ഞെടുത്ത പ്രശസ്ത ഗാനങ്ങൾ ആയിരുന്നു ഗായകർ ആലപിച്ചത്. തംബുരു നാദത്തിന്റെ അകമ്പടിയോടെ അവതാരകനായ സജിൻ നിഷാൻ യേശുദാസിന്റെ ജീവചരിത്രം വായിച്ചപ്പോൾ പഴയതും പുതയതും ആയ ഗാനങ്ങൾ കൂട്ടിചേർത്ത് ഗായകർ ആ ജീവചരിത്ര ത്തിനു പുതിയൊരു മാനം നൽകി അവതരിപ്പി ച്ചത് ഹൃദ്യമായ അനുഭവമാണ് ആസ്വാദകർക്ക് നൽകിയത്.
മെലഡി, ക്‌ളാസിക്കൽ, സെമി ക്ലാസിക്കൽ ഗാനങ്ങൾ ആയിരുന്നു കൂടുതലും ഉൾപ്പെടുത്തിയിരുന്നത് .പ്രമദവനം വീണ്ടും എന്ന ഗാനം ആലപിച്ച തങ്കച്ചൻ വർഗ്ഗീസ് , ഗംഗേ എന്ന ഗാനം ആലപിച്ച ലെന ലോറൻസ്, സംഗീതമേ അമരസല്ലാപമേ എന്ന ഗാനം ആലപിച്ച ഹിബ അബ്ദുസ്സലാം, എത്ര പൂക്കാലം എന്ന ഗാനം ആലപിച്ച ധന്യ ഷൈൻദേവ് എന്നിവർ ശ്രോതാക്കളുടെ പ്രത്യേക പ്രശംസ ഏറ്റു വാങ്ങി.
ജലീൽ കൊച്ചിൻ , ഷാൻ പെരുമ്പാവൂർ, അൽത്താഫ് കാലിക്കറ്റ് , നൗഫൽ വടകര, ഹിലാൽ അബ്ദുസ്സലാം, മുഹമ്മദ് ഹഫീസ്, അലീന ലോറൻസ് എന്നിവരും യേശുദാസിന്റെ പ്രശസ്തമായ ഗാനങ്ങൾ ആലപിച്ചു സദസ്സിനെ കോൾമയിർ കൊള്ളിച്ചു.
ആഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സദസ്സ് മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു, അബ്ദുല്‍ സലാം ദാസേട്ടന്‍ ജന്മദിന ആഘോഷ കേക്ക് മുറിച്ചു, ചടങ്ങില്‍ ആശംസ നേര്‍ന്ന് ഡോ.ജയചന്ദ്രന്‍, ഷംനാദ് കരുനാഗപള്ളി, അയൂബ കരൂപടന്ന, നവാസ് ഒപ്പീസ് എന്നിവര്‍ സംസാരിച്ചു. .ജലീല്‍ കൊച്ചിന്‍ സ്വാഗതവും, തങ്കച്ചന്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ദാസേട്ടന്‍ ഗാനങ്ങ ളുടെ സംഗീത പെരുമഴ ആസ്വദിക്കാന്‍ റിയാദിലെ നിരവധി സംഗീത പ്രമികള്‍ എത്തിയിരുന്നു.
ലോറൻസ് അറയ്ക്കൽ, അബ്ദുസ്സലാം , ഷിനോജ് ബത്തേരി, റോബിൻ മത്തായി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.