അതിതീവ്ര വ്യാപനത്തിനെതിരെ സമഗ്ര പ്രതിരോധം – മന്ത്രി പി. രാജീവ്

Spread the love

എറണാകുളം ജില്ലയിലെ കൊവിഡ് അതിതീവ്രവ്യാപനത്തെ നേരിടാന്‍ സമഗ്ര പ്രതിരോധമാണ് പോംവഴിയെന്ന് ജില്ലയുടെ ചുമതലയുള്ള വ്യവസായ മന്ത്രി പി. രാജീവ്. സർക്കാർ സംവിധാനങ്ങളും ജനപ്രതിനിധികളും സന്നദ്ധസംഘടനകളും ഒറ്റക്കെട്ടായി ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. കോവിഡ് പ്രതിരോധത്തിൽ വിട്ടുവീഴ്ച്ചയോ പാളിച്ചയോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികളുമായി നടത്തിയ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് പ്രതിരോധം, ക്വാറന്‍റീന്‍, ചികിത്സ എന്നിവയിൽ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുള്ള പുതുക്കിയ നിർദേങ്ങള്‍ എല്ലാവരും പാലിക്കണം. രോഗലക്ഷണങ്ങളുള്ളവരും രോഗികളുമായി അടുത്ത് ഇടപഴകിയവരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നതിൽ വിമുഖത കാണിക്കരുത്. ആവശ്യമുള്ള സ്ഥലങ്ങളില്‍ ഡൊമിസിലിയറി കെയർ സെന്‍ററുകള്‍ ആരംഭിക്കണം. സന്നദ്ധ സംഘടനകളെയും കുടുംബശ്രീ സംവിധാനത്തെയും പ്രതിരോധപ്രവർത്തനങ്ങളില്‍ ഭാഗഭാക്കാക്കണം.

കൊച്ചി നഗരസഭയില്‍ മട്ടാഞ്ചേരിയിലും എറണാകുളത്തുമായി രണ്ട് ഡൊമിസിലിയറി കെയർ സെന്ററുകൾ ഉടൻ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വി.ജയശ്രീ യോഗത്തിൽ അറിയിച്ചു. നഗരസഭാ പരിധിയിൽ ഏഴിടത്താണ് ഡിസിസികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എഡിഎം എസ് ഷാജഹാൻ, മേയർ എം. അനിൽ കുമാർ , ആരോഗ്യവകുപ്പ് പ്രതിനിധികൾ, ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *