കര്‍ഷകവിരുദ്ധ അടവുനയം റബര്‍ ബോര്‍ഡിനെ റബര്‍സ്റ്റാമ്പാക്കി: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Spread the love

കൊച്ചി: കേരളത്തിലെ റബര്‍ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന റബര്‍ബോര്‍ഡിന്റെ കര്‍ഷകവിരുദ്ധ സമീപനങ്ങള്‍ക്ക് തിരിച്ചടിയാണ് ബോര്‍ഡിനെ റബര്‍സ്റ്റാമ്പാക്കി റബര്‍മേഖലയുടെ നിയന്ത്രണം മുഴുവനും പുതിയ നിയമത്തിലൂടെ വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെയും വ്യവസായികളുടെയും കൈകളിലേയ്ക്ക് എത്തിച്ചേരുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

കേരളത്തില്‍ പരസ്യമായി കര്‍ഷകസ്‌നേഹം പ്രസംഗിക്കുന്ന റബര്‍ബോര്‍ഡ് കേന്ദ്രസര്‍ക്കാരിന്റെ മുമ്പില്‍ രഹസ്യമായി കര്‍ഷകവിരുദ്ധ സമീപനമാണ് സ്വീകരിച്ചതെന്ന് ഒട്ടേറെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. റബറിനെ കാര്‍ഷികോല്പന്നമാക്കുന്നതില്‍ ഉറച്ചനിലപാട് എടുക്കുന്നതില്‍ ബോര്‍ഡ് പരാജയപ്പെട്ടു. 1994 മുതലുള്ള ബോര്‍ഡിലെ ഉന്നതര്‍ ഇതിനുത്തരവാദികളാണ്. മാറിമാറി കേന്ദ്രം ഭരിച്ച സര്‍ക്കാരുകളുടെ മുമ്പില്‍ ഇക്കാര്യം അവതരിപ്പിച്ച് നടപടിയുണ്ടാക്കുന്നതില്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും പരാജയപ്പെട്ടു. എന്നിട്ടിപ്പോള്‍ റബറിനെ കാര്‍ഷികോല്പന്നമാക്കണമെന്ന് ചിലര്‍ മുറവിളി കൂട്ടുന്നത് മുഖവിലയ്‌ക്കെടുക്കുവാന്‍ മാത്രം വിഢികളല്ല കര്‍ഷകര്‍. കാരണം പ്രകൃതിദത്ത റബര്‍ ആഗോളവ്യാപാരക്കരാറുകളില്‍ വ്യവസായി അസംസ്‌കൃത വസ്തുവാണ്.അതിന് മാറ്റം വരുത്തണമെങ്കില്‍ ലോകവ്യാപാരസംഘടയുടെ അംഗീകാരം വേണം.

റബറിന്റെ ഉല്പാദനച്ചെലവ് സംബന്ധിച്ച് റബര്‍ബോര്‍ഡ് നല്‍കിയ പഠനറിപ്പോര്‍ട്ടുകള്‍ അട്ടിമറിച്ചതിന്റെ പിന്നിലും ബോര്‍ഡിലെ ഉന്നതര്‍ തന്നെയെന്നു വ്യക്തമാണ്. വ്യവസായ വാണിജ്യ മന്ത്രിയായിരുന്ന സുരേഷ്പ്രഭു 2018 ഫെബ്രുവരി 9ന് സംസ്ഥാനതലത്തിലുള്ള റബറിന്റെ ഉല്പാദനച്ചെലവ് സൂചിപ്പിച്ചുള്ള കണക്ക് അവതരിപ്പിക്കുകയുണ്ടായി. പലിശയും ഭൂമിവാടകയും കൃഷിവികസനചെലവും മാനേജ്‌മെന്റ് ചെലവും ഉള്‍പ്പെടെ ഒരുകിലോ റബറിന്റെ കേരളത്തിലെ 2015-16 വര്‍ഷത്തെ ഉല്പദനച്ചെലവ് 172.07 രൂപയെന്ന് വളരെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ 172.07 രൂപയില്‍ ഉയര്‍ന്ന തുക റബറിന് അടിസ്ഥാനവിലയായി പ്രഖ്യാപിക്കുവാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനും റബര്‍ബോര്‍ഡിനുമുള്ളത് അട്ടിമറിച്ചതിനുപിന്നില്‍ റബര്‍ബോര്‍ഡാണെന്നുള്ളതിന്റെ തെളിവാണ് 2021 ഡിസംബറില്‍ ഒരു കിലോഗ്രാം റബറിന്റെ ഉല്പാദനചെലവ് ഏകദേശം 99.46 രൂപയാണെന്ന് വാണിജ്യ വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ലോകസഭാചോദ്യത്തിന് നല്‍കിയ മറുപടി. ഇതോടൊപ്പം കേരളത്തിലെ റബര്‍ കൃഷിയുടെ വിസ്തീര്‍ണ്ണത്തില്‍ കഴിഞ്ഞ 5 വര്‍ഷമായി ഒരു കുറവും വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയത് റബര്‍ബോര്‍ഡ് നല്‍കിയ തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണ്. 2019-20ല്‍ 101.92 രൂപയും, 2020-21ല്‍ 99.46 രൂപയുമായി, ഓപ്പറേഷണല്‍ കോസ്റ്റ് എന്ന ലേബലില്‍ റബറിന്റെ ഉല്പാദന ചെലവുകള്‍ കുറച്ചുകാണിച്ചുള്ള റിപ്പോര്‍ട്ടാണ് റബര്‍ബോര്‍ഡ് നല്‍കിയത്. 2015-16ലെ റിപ്പോര്‍ട്ടിലെ 172.07 രൂപ അട്ടിമറിച്ച് 2020-21ല്‍ ചെലവ് 99.46 രൂപയില്‍ താഴ്ത്തി റബര്‍ബോര്‍ഡ് നടത്തിയ അട്ടിമറി വ്യവസായികളെ സംരക്ഷിക്കാനും ഇറക്കുമതിക്ക് അവസരമൊരുക്കാനും ആഭ്യന്തരവിപണി തകര്‍ക്കാനുമെന്ന് വ്യക്തമാണ്.

ഉല്പാദനചെലവ് കുറയാനുള്ള കാരണമായി റബര്‍ബോര്‍ഡ് സൂചിപ്പിച്ചിരിക്കുന്നത് ബോര്‍ഡിന്റെക്രിയാത്മക ഇടപെടലുകളും കര്‍ഷകര്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചതുമാണെന്നുള്ളത് ഏറെ വിചിത്രം. ഇങ്ങനെ കാലങ്ങളായി ആസൂത്രിതമായി ആഭ്യന്തര റബര്‍വിപണി തകര്‍ത്തുകൊണ്ടിരിക്കുന്ന റബര്‍ബോര്‍ഡ് നല്‍കുന്ന ഉല്പാദനം, ഉപഭോഗം, സ്റ്റോക്ക്, ഇറക്കുമതി കണക്കുകളും അടിസ്ഥാനമില്ലാത്തതും നിയന്ത്രണമില്ലാത്ത ഇറക്കുമതിക്ക് അവസരമൊരുക്കുന്നതാണെന്നുള്ളതിനും തെളിവുകള്‍ ഏറെയുണ്ട്.

കര്‍ഷകര്‍ക്കായി റബര്‍ബോര്‍ഡ് പ്രഖ്യാപിച്ച പല ഉദ്യോഗസ്ഥ പദ്ധതികളും പ്രായോഗിക തലത്തില്‍ വിജയിച്ചിട്ടില്ല. ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ ആരംഭിച്ച വിവിധ റബര്‍ കമ്പനികളുടെ കെടുകാര്യസ്ഥതയും വന്‍ നഷ്ടങ്ങളുടെ നിജസ്ഥിതിയും വ്യക്തമാക്കി ധവളപത്രമിറക്കാന്‍ ബോര്‍ഡ് ഇനിയെങ്കിലും തയ്യാറാകണം. പുതിയ റബര്‍ നിയമത്തിലൂടെ ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെടുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. അധികാരങ്ങള്‍ നിലനില്‍ക്കുമ്പോഴും കര്‍ഷകര്‍ക്ക് റബര്‍ ബോര്‍ഡിലൂടെ എന്തു നേട്ടമുണ്ടായെന്നും കര്‍ഷകര്‍ വിലയിരുത്തണമെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍
ദേശീയ സെക്രട്ടറി ജനറല്‍

Author

Leave a Reply

Your email address will not be published. Required fields are marked *