നോർക്ക പ്രവാസി പുനരധിവാസ പദ്ധതി ഇനി ധനലക്ഷ്മി ബാങ്കു വഴിയും

Spread the love

പ്രവാസി പുനരധിവാസത്തിനായി നോർക്ക റൂട്ട്സ് നടപ്പാക്കി വരുന്ന നോർക്ക ഡിപ്പാർട്ടുമെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻ.ഡി.പി.ആർ.ഇ.എം) പദ്ധതിയിൽ ധനലക്ഷ്മി ബാങ്കും അംഗമായി. പ്രവാസി സംരംഭങ്ങൾക്ക് 30 ലക്ഷം വരെയുള്ള വായ്പകൾ ഇനി ധനലക്ഷ്മി ബാങ്ക് വഴിയും ലഭിക്കും.
പദ്ധതിയിൽ പങ്കാളിയാവുന്ന പതിനേഴാമത്തെ ധനകാര്യസ്ഥാപനമാണിത്. കേരളാ ബാങ്കും കെ.എസ്.എഫ്.ഇയും അടക്കം 16 ധനകാര്യ സ്ഥാപനങ്ങളുടെ 6000ത്തോളം ശാഖകൾ വഴിയാണ് ഇതുവരെ പദ്ധതി സഹായം ലഭിച്ചിരുന്നത്. തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരിയും ധനലക്ഷ്മി ബാങ്ക് റീജണൽ ഹെഡ് അരുൺ സോമനാഥൻ നായരും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പു വച്ചു. നോർക്ക റൂ്ട്ട്സ് ജനറൽ മാനേജർ അജിത്ത് കോളശേരി സംബന്ധിച്ചു.
2014ൽ കാനറാബാങ്കുമായി ചേർന്നാണ് പദ്ധതി ആരംഭിച്ചത്. 15 ശതമാനം മൂലധന സബ്സിഡിയും മൂന്നു ശതമാനം പലിശ സബ്സിഡിയും പ്രവാസികളുടെ പുതുസംരഭങ്ങൾക്ക് ഈ പദ്ധതിയിലൂടെ നോർക്ക റൂട്ട്സ് നൽകുന്നുണ്ട്. വിവിധ മേഖലകളിലെ സാധ്യതകൾ മനസ്സിലാക്കി പ്രോജക്ട് തയ്യാറുക്കന്നതിനുള്ള പിന്തുണയും സംരംഭകത്വ പരിശീലനവും ലഭിക്കും.
2014 മുതൽ ഇതുവരെ 5100 ൽ പരം പുതിയ സംരംഭങ്ങൾ പദ്ധതി വഴി ആരംഭിച്ചിട്ടുണ്ട്. 79.48 കോടി രൂപ വിതരണം ചെയ്തു. ഈ സാമ്പത്തിക വർഷം ഇതുവരെ 700 പുതുസംരംഭങ്ങൾക്കായി 13.14 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
പദ്ധതിയുടെ വിശദംശങ്ങൾക്ക് www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്ത് നിന്നും മിസ്സ്ഡ് കോൾ സർവീസും ലഭ്യമാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *