മാരാമണ്‍ കണ്‍വന്‍ഷന്‍: മന്ത്രി റോഷി അഗസ്റ്റിന്‍, മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മുന്നൊരുക്ക അവലോകനയോഗം ചേര്‍ന്നു

Spread the love

news about maramon convention preparations | മാരാമണ്‍ കണ്‍വന്‍ഷന്‍: ക്രമീകരണങ്ങള്‍ വിലയിരുത്തി,കണ്‍വെന്‍ഷന്‍ ഫെബ്രുവരി 10 മുതല്‍ 17വരെ! - Malayalam Oneindia

ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മാരാമണ്‍ കണ്‍വന്‍ഷന്റെ മുന്നൊരുക്ക അവലോകനയോഗം ഓണ്‍ലൈനായി ചേര്‍ന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ജില്ല സി കാറ്റഗറിയിലാണ്. കണ്‍വന്‍ഷന്‍ നടത്തുന്നതിന് അനുകൂല സാഹചര്യമുണ്ടായാല്‍ ആരോഗ്യവകുപ്പ് പ്രത്യേകശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
കണ്‍വന്‍ഷന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ സാഹചര്യം അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിലുള്ള ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവല്ല ആര്‍ഡിഒയെ സ്‌പെഷ്യല്‍ ലെയ്സണ്‍ ഓഫീസറായി നിയമിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.
മാരാമണ്‍ കണ്‍വന്‍ഷന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ വേണ്ട സഹായം എല്ലാ വകുപ്പുകളും ഒരുക്കണമെന്ന് മാര്‍ത്തോമ സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. ജിജി മാത്യു പറഞ്ഞു. കഴിഞ്ഞ പ്രളയത്തില്‍ പമ്പാനദിക്കരയിലെ കണ്‍വന്‍ഷന്‍ നഗറില്‍ എക്കല്‍ വന്ന് അടിഞ്ഞിട്ടുണ്ട്. ഇത് നീക്കാന്‍ വേണ്ട നടപടികള്‍ അടിയന്തരമായി ഒരുക്കണമെന്നും കണ്‍വന്‍ഷന്‍ നഗറിലേക്ക് പ്രവേശിക്കാനുള്ള പാതയൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാട്ടര്‍ അതോറിറ്റി കണ്‍വന്‍ഷന്‍ സ്ഥലത്തും പരിസര പ്രദേശങ്ങളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ആരോഗ്യ വകുപ്പ് കണ്‍വന്‍ഷന്‍ നഗറില്‍ വേണ്ട ക്രമീകരണങ്ങള്‍ സ്വീകരിക്കും. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും തെരുവ് വിളക്കുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. പോലീസ്, ഫയര്‍ ഫോഴ്സ്, എക്സൈസ് വകുപ്പുകള്‍ കണ്‍വന്‍ഷന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മുന്‍വര്‍ഷങ്ങളിലേതുപോലെ ഏര്‍പ്പെടുത്തും. മാര്‍ത്തോമ സുവിശേഷ പ്രസംഗസംഘം ട്രാവലിംഗ് സെക്രട്ടറി റവ. സജി പി. സൈമണ്‍, ട്രഷറര്‍ ജേക്കബ് ശാമുവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *