ടൊറന്റോ: യു.എസ്-കാനഡ അതിര്‍ത്തിയില്‍ മനുഷ്യക്കടത്തിനിരയായി മഞ്ഞില്‍ തണുത്തുറഞ്ഞ് മരിച്ച നാലംഗ ഗുജറാത്തി കുടുംബത്തെ തിരിച്ചറിഞ്ഞു. ജഗദീഷ് ബല്‍ദേവ് ഭായ് പട്ടേല്‍ (39), ഭാര്യ വൈശാലി ബെന്‍ ജഗദീഷ് കുമാര്‍ പട്ടേല്‍ (37) മക്കളായ വിഹാംഗി ജഗദീഷ് കുമാര്‍ പട്ടേല്‍ (11), ധാര്‍മിക് ജഗദീഷ് കുമാര്‍ പട്ടേല്‍ (3) എന്നിവരാണ് ദാരുണമായി മരിച്ചത്.
കാനഡയില്‍നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച കുടുംബമാണ് ദുരന്തം നേരിട്ടത്.
ഈ മാസം 19നാണ് ഇവരെ യു.എസ്-കാനഡ അതിര്‍ത്തിയില്‍നിന്ന് 12 മീറ്റര്‍ മാറി എമേഴ്സണ്‍ മാനിറ്റോബ എന്ന സ്ഥലത്ത് കൊടും തണുപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി 26ന് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തീകരിച്ചു. മോശം കാലാവസ്ഥയാണ് കുടുംബാംഗങ്ങളുടെ മരണകാരണമെന്ന് മാനിറ്റോബയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചതായി കാനഡ പൊലീസ് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളെ വിവരമറിയിച്ചതായി കാനഡ ഓട്ടവയിലെ ഹൈകമീഷന് ഓഫിസ് അറിയിച്ചു.
നാട്ടിലെ കുടുംബാംഗങ്ങള്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുവരുന്നതായി ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫിസും അറിയിച്ചു.
ഈ മാസം 12ന് ടൊറന്റോയിലെത്തിയ കുടുംബം ജനുവരി 18ഓടെയാണ് യു.എസ് അതിര്‍ത്തിയിലേക്ക് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ മരിച്ച സ്ഥലത്തിനടുത്ത് ഉപേക്ഷിക്കപ്പെട്ട വാഹനമൊന്നും കണ്ടെത്തിയിട്ടില്ലെന്നും ആരോ ഇവരെ ഇവിടെ കൊണ്ടുവന്ന് വിടുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.