കോവിഡ്: എറണാകുളം ജില്ലയില്‍ 16 ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ ആരംഭിക്കും

Spread the love

കോവിഡ് വ്യാപന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ 10 ഗ്രാമ പഞ്ചായത്തുകളിലും 6 നഗരസഭകളിലും ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍(ഡിസിസി) ആരംഭിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയില്‍ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷരെ പങ്കെടുപ്പിച്ചു നടത്തിയ യോഗത്തിലാണു തീരുമാനം. 900 ത്തോളം കിടക്കകള്‍ ഡിസിസികളില്‍ സജീകരിക്കാന്‍ കഴിയും. ഈ ഡിസിസികള്‍ക്ക് ആദ്യഘട്ടമായി 5 ലക്ഷം രൂപവീതം ജില്ലാ ദുരന്തനിവാരണ അതോറിട്ടിയില്‍ നിന്ന് അനുവദിക്കും. ഭക്ഷണത്തിനും ശുചീകരണത്തിനും ഈ തുക വിനിയോഗിക്കാം. നോണ്‍ ടെക്‌നിക്കല്‍, ക്ലിനിങ്് സ്റ്റാഫിനെ തദ്ദേശ സ്ഥാപനങ്ങള്‍ നിയോഗിക്കും.

ചേരാനല്ലൂര്‍(സെന്റ് ജെയിംസ് യാക്കോബിയന്‍ പാരീഷ് ഹാള്‍), എടത്തല(ശാന്തിഗിരി ആശ്രമം), കടുങ്ങല്ലൂര്‍(അന്‍വര്‍ മെമ്മോറിയല്‍ പാലിയേറ്റീവ് കെയര്‍), മുളന്തുരുത്തി(സെന്റ് ജോര്‍ജ് പാരീഷ് ഹാള്‍), പായിപ്ര(മുടവൂര്‍ കമ്മ്യുണിറ്റി ഹാള്‍), പള്ളിപ്പുറം(എസ്‌സി കമ്മ്യുണിറ്റി ഹാള്‍), തിരുമാറാടി(ടാഗോള്‍ ഹാള്‍), തിരുവാണിയൂര്‍(സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ കാത്തീഡ്രല്‍ ഹാള്‍), വാരപ്പെട്ടി(വാരപ്പെട്ടി കമ്മ്യുണിറ്റി ഹാള്‍), നെടുമ്പാശേരി(സിയാല്‍) ഗ്രാമപഞ്ചായത്തുകളിലും ആലുവ(മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍), കൊച്ചി (മട്ടാഞ്ചേരി ടൗണ്‍ഹാള്‍), കൂത്താട്ടുകുളം(സിഎച്ച്‌സി ഹാള്‍), മരട്(ഇ.കെ നായനാര്‍ ഹാള്‍), തൃക്കാക്കര(തെങ്ങോട് വനിത വായനശാല കേന്ദ്രം), ഏലൂര്‍ നഗരസഭകളിലുമാണ് ഡിസിസികള്‍ ആരംഭിക്കുന്നത്.

കോവിഡ് വ്യാപന സാഹചര്യത്തില്‍ വാര്‍ഡ്തല ജാഗ്രതാ സമിതികള്‍, റാപ്പിഡ് റെസ്‌പോണ്‍സ് ടീം(ആര്‍ആര്‍ടി) എന്നിവ സജീവമായി പ്രവര്‍ത്തിക്കണമെന്നും നമ്മള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ഈ ഘട്ടവും മറികടക്കാന്‍ കഴിയുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആരോഗ്യവകുപ്പിനു കൂടുതല്‍ പേരെ നിയമിക്കുന്നതിനും ആംബുലന്‍സ് അനുവദിക്കുന്നതിനും തീരുമാനിച്ചു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനു ധനകാര്യവകുപ്പ് മെയിന്റനന്‍സ് ഫണ്ട് അടിയന്തരമായി അനുവദിച്ചിട്ടുണ്ട്. അത്യാവശ്യകാര്യങ്ങള്‍ക്ക് അത് ഉപയോഗിക്കാന്‍ കഴിയും. ആവശ്യമെങ്കില്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അടുക്കളകള്‍ ആരംഭിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇതിനായി തദ്ദേശവകുപ്പില്‍ നിന്നു ഫയല്‍ ലഭിക്കുന്നമുറയ്ക്കു ധനകാര്യവകുപ്പ് ഫണ്ട് അനുവദിക്കും.ജില്ലാ ദുരന്തനിവാരണ അതോറിട്ടിയില്‍ നിന്നു തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കാനുള്ള തുക വേഗത്തില്‍ അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതുവരെ 9.6 കോടി രൂപ ജില്ലാ ദുരന്തനിവാരണ അതോറിട്ടി(ഡിഡിഎംഎ)യില്‍ നിന്നു നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. ഡിഡിഎംഎ യ്ക്ക് അനുവദിക്കാവുന്ന തുക നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.

നിലവില്‍ ജില്ലയിലെ കോവിഡ് രോഗികളില്‍ 97 ശതമാനവും വീടുകളില്‍തന്നെയാണ്. കൂടുതല്‍ പേരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടിവന്നാല്‍ അതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കോവിഡ് ടെസ്റ്റ്് വേഗത്തിലാക്കുവാന്‍ നടപടിയായി. കുട്ടികളുടെ വാക്‌സിനേഷന്‍ 60 ശതമാനം പൂര്‍ത്തിയാക്കി. ബൂസ്റ്റര്‍ ഡോസ് വിതരണം നടക്കുന്നുണ്ട്. നിലവില്‍ താലൂക്ക് ആശുപത്രികളില്‍ കോവിഡ് വാര്‍ഡുകള്‍ പ്രത്യേകമായി സജീകരിച്ചിട്ടുണ്ട്.

യോഗത്തില്‍ കൊച്ചി കോര്‍പറേഷന്‍ മേയര്‍ എം.അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *