ഹിജാബിനുള്ളിലെ ഗൂഢ രാഷ്‌ട്രീയ ലക്‌ഷ്യം ?

Spread the love

സർദാർജികൾ അല്ലെങ്കിൽ സിഖുകൾ എന്ന് പറയുന്ന വിഭാഗക്കാർക്ക് ഇന്ത്യയിൽ ഏത് ജോലിയിൽ ആണെങ്കിലും അവരുടെ തലപ്പാവ് ആയ ടർബൻ ധരിക്കാൻ നിയമം തടസ്സമല്ല. ഹെൽമെറ്റ് ഒഴിവാക്കിയാലും ടർബൻ അവർ കൃത്യമായി ധരിച്ചിരിക്കും. ഇനി അതിന് എതിർപ്പ് പ്രകടിപ്പിച്ചാൽ അവരുടെ ആയുധമായ കൃപാൺ പള്ളയ്ക്കു് കേറ്റാൻ അവർക്ക് മടിയുമില്ലെന്ന് ഇന്ത്യക്കാർക്ക്‌ അറിയാം.അമേരിക്ക, ബ്രിട്ടൻ , ആസ്ട്രേലിയാ തുടങ്ങിയ രാജ്യങ്ങളിലും, സിഖുകാരും മറ്റ് മതവിഭാഗങ്ങളിലെ അംഗങ്ങളും യൂണിഫോമിലായിരിക്കുമ്പോൾ അവരുടെ വിശ്വാസപ്രമാണങ്ങൾ പാലിക്കാൻ അനുവദിക്കുന്നു.

സിഖുകാർക്കിടയിൽ, സമത്വം, ബഹുമാനം, ആത്മാഭിമാനം, ധൈര്യം, ആത്മീയത, ഭക്തി എന്നിവയെ പ്രതിനിധീകരിക്കുന്ന വിശ്വാസത്തിന്റെ ഒരു പ്രദർശനം കൂടിയാണ് അവരുടെ ദസ്തർ. സിഖ് പുരുഷന്മാർ അവരുടെ നീളമുള്ള, മുറിക്കാത്ത മുടി മറയ്ക്കാൻ തലപ്പാവ് ധരിക്കുന്നു. തനതായ സിഖ് ഐഡന്റിറ്റിയുടെ ഒരു പ്രധാന ഘടകമായാണ് സിഖുകാർ അവരുടെ ടർബൻ എന്നറിയപ്പെടുന്ന തലേക്കെട്ടിനെ കണക്കാക്കുന്നത്. അവരുടെ കാര്യത്തിന് ഒരു തീരുമാനമായി !.

മുസ്ലിം വനിതകൾ ധരിക്കുന്ന ബുർഖാ എന്നറിയപ്പെടുന്ന “ഫുൾ ബോഡി കവർ” ആയ വസ്ത്രം അവരുടെ ഐഡൻറിറ്റി ആണല്ലോ. അതിന്റെ മറവിൽ നടക്കാവുന്ന തട്ടിപ്പുകളും വെട്ടിപ്പുകളും കുറ്റകൃത്യങ്ങളും നിരവധിയാണ്. പല കുറ്റവാളികളും ബുർഖാ ധരിച്ചു രക്ഷപെട്ട സംഭവങ്ങൾ കേട്ടിട്ടുണ്ട്, പുരുഷന്മാർ ഇതും ധരിച്ചു വനിതാഹോസ്റ്റലുകളിൽ കയറി അര്മാദിച്ച ഇക്കിളി കഥകൾ സിനിമയിലെങ്കിലും കണ്ടിരിക്കും. സൗദി അറേബ്യാ പോലുള്ള മുസ്ലിം രാജ്യങ്ങളിൽ മുൻപ് ജോലി ചെയ്തിരുന്ന നമ്മുടെ സഹോദരിമാർക്ക് പോലും ബുർഖാ ധരിച്ചു മാത്രമേ പണ്ട് പൊതുസ്ഥലങ്ങളിൽ പോകാൻ അനുവാദമുണ്ടായിരുന്നുള്ളു. അയ്യയ്യോ, മറ്റെന്തെല്ലാം കാണിച്ചാലും, പെണ്ണുങ്ങളുടെ ചുണ്ടും കണ്ണുകളും പുരുഷന്മാർ കണ്ടാൽ പ്രശ്നമാണത്രെ. മാത്രമല്ല മുഖംമൂടിയിടുന്ന രണ്ടു ലെയറുകളും ഇട്ടിട്ടില്ലെങ്കിലോ, ബുർഖയുടെ അടിഭാഗം സ്വല്പം ഉയർന്നിരിക്കുകയോ ചെയ്‌താൽ, മുത്താഫമാർ അവരുടെ തലയിൽ കെട്ടിയിരിക്കുന്ന കെഫിയാ ഹെഡ്‌ബാൻഡ്‌ കെട്ടഴിച്ചു്, അടി കൊടുക്കുന്ന പ്രദേശങ്ങൾ ഉണ്ടായിരുന്നു. കാലം മാറിയപ്പോൾ ചില വ്യത്യാസങ്ങൾ വന്ന് കഴിഞ്ഞു .

ഇപ്പോൾ മറ്റൊന്നിലും പിടിക്കാൻ ഇല്ലാഞ്ഞിട്ടാണെന്നു തോന്നുന്നു ഇന്ത്യയിൽ, മുസ്ലിം വനിതകൾ ധരിക്കുന്ന ഹിജാബ് എന്നറിയപ്പെടുന്ന മുഖം കാണിച്ചുള്ള ശിരോകവചത്തിൽ പിടി തുടങ്ങിയിരിക്കുന്നു. ഹിജാബ് ധരിക്കണമെന്ന നിർബന്ധത്തിന്റെ പേരിൽ കർണാടകയിലെ ഉഡുപ്പിയിലുള്ള ഗവൺമെന്റ് വിമൻസ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ ക്ലാസ് മുറികളിൽ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് ഡിസംബർ 31 മുതൽ ആറ് വിദ്യാർത്ഥിനികൾ ഹാജരാകാതെ തുടരുകയാണ്. വിദ്യാർത്ഥികൾക്ക് കോളേജ് പരിസരത്ത് ഹിജാബ് ധരിക്കാമെന്നും എന്നാൽ ക്ലാസ് മുറിക്കുള്ളിൽ പാടില്ലെന്നും കോളേജ് പ്രിൻസിപ്പൽ രുദ്ര ഗൗഡ പറഞ്ഞു. ക്ലാസ് മുറിയിൽ ഏകീകൃതത ഉറപ്പാക്കാനാണ് ഈ നിയമം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പെൺകുട്ടികൾക്ക് എന്താണ് വേണ്ടത്?

“ഞങ്ങൾക്ക് ക്ലാസ് മുറിക്കുള്ളിൽ പോകാൻ അനുവാദമില്ല,” ആറ് വിദ്യാർത്ഥികളിൽ ഒരാളായ ആലിയ അസ്സാദി പറഞ്ഞു. “ഒരു ദിവസം, ഞങ്ങൾ ക്ലാസ് റൂമിലേക്ക് പോയിരുന്നു, പക്ഷേ ടീച്ചറുടെ പ്രതികരണം, ‘നിങ്ങൾ ക്ലാസ്സിന് പുറത്ത് പോയില്ലെങ്കിൽ, ഞാൻ നിങ്ങളെ പുറത്താക്കും’, എന്നായിരുന്നു.”

ക്ലാസ് മുറിക്ക് പുറത്ത്, കോളേജ് ഇടനാഴികളിലും, ഗോവണിപ്പടിയിലും, പുസ്തകങ്ങളും ബാഗുകളുമായി വിദ്യാർത്ഥിനികൾ നിരന്ന്‌ ഇരിക്കുന്നു.

തങ്ങളുടെ മൗലികാവകാശങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും അനുസരിച്ചാണ് ഹിജാബ് ധരിക്കാൻ തീരുമാനിച്ചതെന്ന് പെൺകുട്ടികൾ പറയുന്നു. മറ്റ് വിദ്യാർത്ഥികൾക്ക് ബിന്ദി പോലെ മതപരമായ അടയാളങ്ങൾ ധരിക്കാൻ അനുവാദമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ഉറുദുവിൽ സംസാരിക്കാനോ പരസ്‌പരം സലാം പറയാനോ തങ്ങളെ അനുവദിക്കുന്നില്ലെന്ന് പറയുന്നതിനാൽ കോളേജിന്റെ വർഗീയ വിവേചനമാണ് അവർ കാണുന്നത്. എന്നാൽ ക്ലാസുകളിൽ തുടർച്ചയായി ഹാജരാകാതിരിക്കുന്നത് കൊണ്ട് , പഠിക്കാനുള്ള അവകാശം നിഷേധിക്കുന്നുവെന്നും പരീക്ഷകൾക്ക് ഹാജരാകാനുള്ള ആവശ്യകതകൾ കുറയാൻ ഇടയാക്കുമെന്നും അവർ ആശങ്കപ്പെടുന്നു.

ഹിജാബ് ധരിക്കാൻ തിരഞ്ഞെടുക്കുന്ന ഇസ്ലാമിക സ്ത്രീകൾക്ക് അത് അവരുടെ എളിമയും ധാർമ്മികതയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നിലനിർത്താൻ അനുവദിക്കുന്നുവെന്നാണ് സങ്കൽപം. ഇസ്‌ലാം ഹിജാബ് ആചരിക്കേണ്ടതിന്റെ പ്രാഥമിക ഉത്തരവാദിത്തം സ്ത്രീകളിലല്ല, മറിച്ച് പുരുഷന്മാരിലാണ്.( ഖുറാൻ 24:31) മാന്യത പാലിക്കാൻ മനുഷ്യരെ നിർബന്ധിക്കുന്നു: “വിശ്വാസികളോട് പറയുക, അവർ അവരുടെ കണ്ണുകൾ നിയന്ത്രിക്കുകയും അവരുടെ സ്വകാര്യഭാഗങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു. അതാണ് അവർക്ക് കൂടുതൽ പരിശുദ്ധം. തീർച്ചയായും, അവർ ചെയ്യുന്നതിനെ കുറിച്ച് അല്ലാഹു നന്നായി അറിയുന്നവനാണ്”. ഇസ്ലാമിക പാരമ്പര്യത്തിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും, മുസ്ലീം വിശുദ്ധ ഗ്രന്ഥമായ ഖുർആനിൽ ഹിജാബ് കർശനമായി നിർവചിച്ചിട്ടില്ല. ഇത് പലപ്പോഴും വ്യക്തിപരവും സാംസ്കാരികവുമായ ആശയമാണ്, മതപരമല്ല. ഹിജാബിന്റെ ആവിഷ്കാരം മുസ്ലീം ലോകത്തിനകത്തും പുറത്തും വ്യത്യസ്തമാണ്. ഖുർആനിലെ ഈ വാക്യങ്ങൾ ഹിജാബിനെക്കുറിച്ചുള്ള ഉൾക്കാഴ്ചയും എളിമ, ബഹുമാനം, സ്വകാര്യത, വിനയം എന്നിവയെക്കുറിച്ചുള്ള പ്രസക്തമായ ആശയങ്ങളും വാഗ്ദാനം ചെയ്യുന്നു: (അധ്യായം 24,54).

ഹിജാബ് പരസ്യമായി പ്രകടിപ്പിക്കുന്നത് വളരെ വിവാദപരമായ വിഷയമാണ്. അത്, ഒന്നാമതായി, മുസ്ലീം സ്ത്രീകൾക്കിടയിൽ ഒരു മാന്യതയുടെ അടയാളമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, ഹിജാബ് വസ്ത്രം ധരിക്കുന്നത് ആദ്യ അമെൻഡ്മെന്റ് ഉറപ്പുനൽകുന്ന അവകാശമാണ് – സംസാര സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും.പോലെതന്നെ, ഹിജാബ് വസ്ത്രം ഐഡന്റിറ്റിയുടെ ശക്തമായ സൂചകമായി മാറിയിരിക്കുന്നു, പല അമുസ്ലിംകളും അതിനെ ഒരു രാഷ്ട്രീയ പ്രസ്താവനയായി കാണുന്നു. ചില സമൂഹങ്ങൾ ഹിജാബിനെ ഇസ്ലാമിക മതമൗലികവാദത്തിന്റെ അടയാളമായി വ്യാഖ്യാനിക്കുന്നു, കുടിയേറ്റക്കാർ മുഖ്യധാരാ സമൂഹത്തിൽ ചേരാൻ വിസമ്മതിക്കുന്നു, അല്ലെങ്കിൽ സ്ത്രീകളെ അടിച്ചമർത്തുന്നു. മറ്റു ചില രാജ്യങ്ങളിലെ നിലപാടുകൾ ശ്രദ്ധേയമാണ്

കാനഡാ: ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ ഇമിഗ്രേഷൻ ചടങ്ങുകളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം തുടരേണ്ടതില്ലെന്ന് കനേഡിയൻ സർക്കാർ തീരുമാനിച്ചു.

ഫ്രാൻസ്: പൊതു ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഫ്രഞ്ച് മേയർമാർ “ബുർക്കിനിസ്” എന്നറിയപ്പെടുന്ന മുഴുവൻ ശരീര നീന്തൽ വസ്ത്രങ്ങൾ ബീച്ചുകളിൽ നിന്ന് നിരോധിച്ചു.

യുണൈറ്റഡ് സ്റ്റേറ്റ്സ്: ഹിജാബ് ധരിച്ച സ്ത്രീകൾ സർക്കാർ, ബിസിനസ്സ്, സ്പോർട്സ് എന്നിവയിൽ അമേരിക്കയെ പ്രതിനിധീകരിക്കുന്നു.

ഇറാൻ: സ്ത്രീകൾ ഹിജാബ് ധരിക്കേണ്ടത് നിർബന്ധമാണ്, എന്നിരുന്നാലും “ശരിയായ ഹിജാബ്” എന്താണെന്ന് പരക്കെ ചർച്ച ചെയ്യപ്പെടുന്നു.

തുർക്കി: ഹിജാബ് ആവശ്യമില്ലെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമിന്റെ ഭാഗമായേക്കാം.

അങ്ങനെയിരിക്കെ കർണാടകയിലെ കോപ്പ ജില്ലയിലെ ഒരു വിഭാഗം കോളേജ് വിദ്യാർത്ഥികൾ കാവി സ്കാർഫ് ധരിച്ച് മുസ്ലീം സ്ത്രീകളെ ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുവദിക്കുന്നതിനെതിരെ പ്രതിഷേധിച്ചു. ഹിജാബ് ഉള്ളിൽ അനുവദിച്ചാൽ കാവി സ്കാർഫുകളും ധരിക്കാമെന്ന് ബാലഗഡി ഗ്രാമത്തിലെ സർക്കാർ നിയന്ത്രണത്തിലുള്ള കോളേജിലെ വിദ്യാർത്ഥികൾ അവകാശപ്പെട്ടു. ഹിജാബ് ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കരുതെന്ന് ഇതേ വിദ്യാർത്ഥികൾ നേരത്തെ സ്ത്രീകളോട് ആവശ്യപ്പെട്ടിരുന്നു. സമാനമായ സംഭവത്തിൽ, കർണാടകയിലെ ഉഡുപ്പിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള പിയു കോളേജിലെ മുസ്ലീം പെൺകുട്ടികൾക്ക് ഹിജാബ് ധരിച്ചതിന്റെ പേരിൽ ക്ലാസ് മുറിയിൽ പ്രവേശനം നിഷേധിച്ചു.

എന്ത് ചെയ്യാമെന്ന് പറയാം? വസ്ത്രം കുറച്ചു ധരിച്ചാൽ കുറ്റം , കൂടുതൽ ധരിച്ചാൽ കുറ്റം. ഏതായാലും മുടി കവർ ചെയ്യുന്ന സർദാർജി ആണെങ്കിലും, മുസ്ലിം വനിതാ ആയാലും രണ്ടും മനോഹരം തന്നെ കൂട്ടത്തിൽ ഹിജാബ് ധരിക്കുമ്പോൾ മൊഞ്ചുള്ള മുഖത്തെ സ്‌നേഹനിർഭരമായ പുഞ്ചിരിയായാലും, ദൈന്യതയുടെ നോട്ടമായാലും നമുക്ക് കാണാമല്ലോ കൂട്ടരേ! ഹിജാബിനുള്ളിലെ രാഷ്ട്രീയവും ജാതിവിദ്വേഷവും വെറുതെ ഊതിപ്പെരുപ്പിക്കുന്നതിനുള്ളിലെ ഗൂഢ ലക്ഷ്യങ്ങൾ എന്താണാവോ ?. ഇഷ്ടമുള്ള ഹിന്ദുക്കൾ ബിന്ദി ധരിക്കട്ടെ , ക്രിസ്ത്യാനികൾ മാളയിൽ കുരിശുരൂപം ധരിക്കട്ടെ, തട്ടം ധരിക്കേണ്ടവർ അതും ധരിക്കട്ടെ എന്ന് വിട്ടുകളഞ്ഞാൽ പോരേ ? ഹിജാബിന്റെ പിറകേ പോകുന്ന സമയത്ത്, വല്ല പാവപ്പെട്ടവന്റെ കുടിലിലും ദാരിദ്ര്യം അനുഭവിക്കുന്നവർക്ക് ഒരു നേരത്തെ ആഹാരത്തിനുള്ള വക എത്തിച്ചു കൊടുത്താൽ എന്ത് ധന്യമായിരുന്നേനെ !

 

 

Author

Leave a Reply

Your email address will not be published. Required fields are marked *