പ്രയോജനം 111 സ്കൂളുകൾക്ക് ; കൂടുതൽ പദ്ധതികൾക്ക് ഭരണാനുമതി ഉടനെന്ന് മന്ത്രി വി ശിവൻകുട്ടി.
പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി. ക്യാപിറ്റൽ ഹെഡ് ഇനത്തിൽ 72 സ്കൂളുകൾക്കായി 81 കോടി രൂപയും റവന്യൂ ഹെഡ് ഇനത്തിൽ 31 സ്കൂളുകൾക്കായി 41 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
കൂടുതൽ പദ്ധതികൾക്ക് ഭരണാനുമതി ഉടൻ നൽകുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കൻഡറി മേഖലയിൽ 29 സ്കൂളുകൾക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 13 സ്കൂളുകൾക്കുമായി 46 കോടി രൂപയുടെ കെട്ടിടനിർമ്മാണത്തിന് ഭരണാനുമതി നൽകുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. ഹയർസെക്കൻഡറി സ്കൂളുകളിൽ ലാബ്, ലൈബ്രറി നവീകരണത്തിന് 22 കോടി രൂപ അനുവദിക്കുന്നതിനുള്ള നടപടിക്രമവും പുരോഗമിക്കുകയാണെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.