കൊച്ചി: ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറുകള്‍ ഗ്രാമീണ കാര്‍ഷികമേഖലയ്ക്ക് വന്‍വെല്ലുവിളിയുയര്‍ത്തുന്നുവെന്നും കാര്‍ഷികോല്പന്നങ്ങളുടെ അനിയന്ത്രിതവും നികുതിരഹിതവുമായ ഇറക്കുമതിക്ക് ഇടയാകുന്ന പുതിയ വ്യാപാരക്കരാര്‍ ചര്‍ച്ചകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിയമനിര്‍മ്മാണങ്ങളുടെ പിന്നില്‍ സ്വതന്ത്ര വ്യാപാരക്കരാറുകളുടെ സ്വാധീനമാണുള്ളത്. ഇന്ത്യയിലെ കാര്‍ഷികമേഖല ഗ്രാമീണ കര്‍ഷകരുടെ ജീവനോപാധിയാണ്. വന്‍കിടക്കാരിലേയ്ക്കും രാജ്യാന്തര കോര്‍പ്പറേറ്റുകളിലേയ്ക്കും കൃഷി മാറുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന വിലത്തകര്‍ച്ചയില്‍ ഗ്രാമീണ കര്‍ഷകരുടെ ജീവിതം പ്രതിസന്ധിയിലാകും. തുറന്ന വിപണിയായി ഇന്ത്യമാറുമ്പോള്‍ കാര്‍ഷികോല്പന്നങ്ങളുടെ അനിയന്ത്രിത ഇറക്കുമതി രൂക്ഷമാകും. ഗ്രാമീണ കാര്‍ഷികമേഖലയിലെ പുതുതലമുറ തൊഴില്‍തേടി നഗരങ്ങളിലേയ്ക്ക് പലായനം ചെയ്യുന്ന സാഹചര്യം ശക്തമായിരിക്കുന്നത് ഭരണനേതൃത്വങ്ങള്‍ നിസ്സാരവല്‍ക്കരിക്കരുത്.
ഇന്ത്യ-ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാര്‍ 12 വര്‍ഷം പൂര്‍ത്തിയായി. നാലാംഘട്ടം പിന്നിടുമ്പോള്‍ കയറ്റുമതിയേക്കാള്‍ ഇറക്കുമതി കുതിച്ചുയര്‍ന്നിരിക്കുന്നു. റബര്‍, തേയില, കുരുമുളക്, കാപ്പി ഉള്‍പ്പെടെ ഒട്ടേറെ ഉല്പന്നങ്ങളുടെ അനിയന്ത്രിത ഇറക്കുമതി ആഭ്യന്തരവിപണി അട്ടിമറിച്ചിരിക്കുകയാണ്. ചൈനയുമായി സ്വതന്ത്രവ്യാപാരക്കരാറില്ലെങ്കിലും ചൈനീസ് ഉല്പന്നങ്ങള്‍ ഇന്ത്യയുടെ 24% വിപണി കീഴടക്കിയിരിക്കുന്നതെങ്ങനെയെന്ന് കേന്ദ്രസര്‍ക്കാര്‍ ധവളപത്രമിറക്കി വിശദീകരിക്കണം. നിലവിലുള്ള ആസിയാന്‍ സ്വതന്തന്ത്രവ്യാപാരക്കരാര്‍ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണം.
അമേരിക്ക, റഷ്യ, യു.കെ., യൂറോപ്യന്‍ യൂണിയന്‍, ന്യൂസിലാന്‍ഡ്, ആസ്‌ത്രേലിയ, ഗള്‍ഫ് എന്നിങ്ങനെ വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഏര്‍പ്പെടാനൊരുങ്ങുന്ന സ്വതന്ത്രവ്യാപാരക്കരാറുകളുടെ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേയ്ക്ക് നീങ്ങുമ്പോള്‍ സര്‍ക്കാര്‍ ഇക്കാര്യങ്ങളുടെ വിശദാംശങ്ങള്‍ ജനങ്ങള്‍ക്കു നല്‍കണമെന്നും ജന്രപതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും കര്‍ഷകപ്രസ്ഥാനങ്ങളും പഠിച്ച് പ്രതികരിക്കാനും ഇടപെടലുകള്‍ നടത്താനും മുന്നോട്ടുവരണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.