ജല ലഭ്യത നിർണയിക്കാൻ സ്കെയിലുകൾ സ്ഥാപിക്കണം

Spread the love

തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ ജലലഭ്യത കണക്കാക്കാൻ ജലലഭ്യതാ നിർണ്ണയ സ്‌കെയിലുകൾ സ്ഥാപിക്കണമെന്ന് നിർദ്ദേശം. ഓരോ പ്രദേശത്തെയും ജലലഭ്യത നിർണയിക്കാൻ ഇവ സഹായകമാകുമെന്നതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് തയ്യാറാവണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ജലം കൃത്യമായ ആസൂത്രണത്തിലൂടെ ഫലപ്രദമായും ശാസ്ത്രീ യമായും വിനിയോഗിക്കാൻ ഇത് സഹായകമാകും.ലഭ്യമായ ജലത്തിന്റെ അളവിനനുസരിച്ച് തദ്ദേശ സ്ഥാപനങ്ങൾ കാർഷിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നേമം ബ്ലോക്ക് പഞ്ചായത്തിലെ നൂറ് കുളങ്ങളിൽ സ്ഥാപിച്ച സ്‌കെയിലുകൾ ജലലഭ്യതയെ കുറിച്ച് മനസ്സിലാക്കാൻ ജനങ്ങൾക്ക് ഏറെ സഹായകമാണെന്ന് മന്ത്രി പറഞ്ഞു.

ഒരു ജില്ലയിലെ ഒരു ബ്ലോക്ക് പ്രദേശത്തെ മുഴുവൻ വലിയ കുളങ്ങളിലും സ്‌കെയിലുകൾ സ്ഥാപിക്കണം. ജലസ്രോതസുകൾ മലിനപ്പെടുത്തുന്നതിന് മാറ്റം വരുത്താനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് കാർഷിക ജലസേചനത്തിനായി കുളങ്ങളെയാണ് വലിയ തോതിൽ ആശ്രയിക്കുന്നത്. എന്നാൽ, കുളങ്ങളിൽ ഏറിയ പങ്കും മലിനപ്പെടുകയും മണ്ണടിഞ്ഞ് ജലവാഹകശേഷി കുറയുകയും ചെയ്തിട്ടുണ്ട്. മഴപ്പെയ്ത്തിലൂടെ കിട്ടുന്ന ജലം ഫലപ്രദമായി ശേഖരിക്കുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുന്നുണ്ട്.ഹരിതകേരളം മിഷന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും സഹായത്തോടെ നിരവധി ജലസ്രോതസ്സുകൾ മാലിന്യ മുക്തമാക്കി പുനരുജ്ജീവിപ്പിക്കുവാനും ശുദ്ധജല സംഭരണം ഉറപ്പാക്കുവാനും സാധിച്ചിട്ടുണ്ട്. ശേഷിക്കുന്നവ പൂർണ്ണമായും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകേണ്ടതുണ്ടെന്നും മന്ത്രി ആവർത്തിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *