സംസ്ഥാനതല ഉദ്ഘാടനവേദി പൂവച്ചൽ ജി വി എച്ച് എസ് എസിൽ സന്ദർശനം നടത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി നിലവിൽ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ച 53 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ. സംസ്ഥാനതല ഉദ്ഘാടനം ജി.വി.എച്ച്.എസ്.എസ്. പൂവച്ചലിലും മറ്റിടങ്ങളിൽ വീഡിയോ കോൺഫറൻസ് വഴിയും രാവിലെ 11 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും . ചടങ്ങിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായിരിക്കും.
മൊത്തം 90 കോടി രൂപ ചെലവിട്ടാണ് 53 സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചത്. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ഒരു സ്കൂൾ കെട്ടിടത്തിന് 5 കോടി രൂപ എന്ന നിലയിൽ മൊത്തം 20 കോടി രൂപ ചെലവിട്ട് നാല് സ്കൂൾ കെട്ടിടങ്ങളും ഒരു സ്കൂൾ കെട്ടിടത്തിന് 3 കോടി രൂപ എന്ന നിലയിൽ 30 കോടി രൂപ ചിലവിട്ട് 10 സ്കൂൾ കെട്ടിടങ്ങളും ഒരു സ്കൂൾ കെട്ടിടത്തിന് ഒരു കോടി രൂപ എന്ന നിലയിൽ രണ്ട് സ്കൂൾ കെട്ടിടങ്ങളും പ്ലാൻ, എം. എൽ. എ., നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി നിർമ്മിച്ച 37 സ്കൂൾ കെട്ടിടങ്ങളുമാണ് ഉദ്ഘാടനം ചെയ്യപ്പെടാൻ പോകുന്നത്.
മന്ത്രിമാരായ അഡ്വ.കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, അഡ്വ. കെ. ആന്റണിരാജു, കെ.എൻ. ബാലഗോപാൽ, ജി.ആർ.അനിൽ, കെ. രാധാകൃഷ്ണൻ, വീണാ ജോർജ്ജ്, ജെ. ചിഞ്ചുറാണി, എം.പി. അടൂർ പ്രകാശ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും.
സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന പൂവച്ചൽ ജി.വി.എച്ച്.എസ്.എസ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. സംഘാടക സമിതി യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. ഒരുക്കങ്ങളിൽ മന്ത്രി തൃപ്തി രേഖപ്പെടുത്തി.