ക്രിസ്തീയത മുറുകെ പിടിച്ചതിന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട നഴ്‌സ് നിയമ പോരാട്ടത്തിന്

Spread the love

ടെക്സാസ്: ഗർഭനിരോധനം അടക്കമുള്ള ക്രൈസ്തവ വിരുദ്ധമായ കാര്യങ്ങൾക്ക് കൂട്ടു നിൽക്കാത്തതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചു വിടൽ നടപടി നേരിട്ട റോബിൻ സ്ട്രാഡർ എന്ന ക്രൈസ്തവ വിശ്വാസിയായ നേഴ്സ് നിയമ പോരാട്ടത്തിന്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ടെക്സാസിലെ സിവിഎസ് ഫാർമസിക്കെതിരെ പരാതിയുമായി യുഎസ് ഇക്വൽ എംപ്ലോയ്മെന്റ് ഓപ്പർച്യൂണിറ്റി കമ്മീഷനെ സമീപിച്ചു. 2015ൽ ജോലിക്ക് എടുത്തപ്പോൾ ഫാർമസിയിൽ എത്തുന്നവർക്ക് ഗർഭനിരോധനവുമായി ബന്ധപ്പെട്ട ജോലി കാര്യങ്ങൾ ചെയ്ത് കൊടുക്കേണ്ടതില്ലെന്ന് മതവിശ്വാസത്തെ മാനിച്ച് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ 2021ൽ മതത്തിന്റെ പേരിലുള്ള ഇളവുകൾ ജോലിക്കാർക്ക് നൽകേണ്ടതില്ലെന്ന് ഫാർമസി തീരുമാനിക്കുകയും റോബിനെ പിരിച്ചുവിടുകയും ചെയ്തു.

ഇതിനുമുമ്പ് മത വിശ്വാസം മാറ്റി വെക്കാൻ മാനേജർ അവരോട് ആവശ്യപ്പെട്ടിരുന്നു. താൻ ഒരു ക്രൈസ്തവ വിശ്വാസിയാണെന്നും എല്ലാ മനുഷ്യജീവനും ദൈവത്തിന്റെ സാദൃശ്യത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും, അത് സംരക്ഷിക്കപ്പെടണമെന്നു താൻ വിശ്വസിക്കുന്നുവെന്നുമായിരിന്നു അവരുടെ പ്രതികരണം. ഇക്കാരണത്താൽ ഭ്രൂണഹത്യയ്ക്കോ, ഒരു ഭ്രൂണത്തിന് രൂപം നൽകുന്നത് തടയുന്ന ഗർഭനിരോധനത്തിനോ കൂട്ട് നിൽക്കാൻ സാധിക്കില്ലെന്ന് 72 വയസ്സുള്ള റോബിൻ സ്ട്രാഡർ നൽകിയ പരാതിയിൽ പറയുന്നു. റോബിനെ പോലുള്ള വിശ്വാസികളായ അമേരിക്കക്കാരെ ഇല്ലായ്മചെയ്യാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് റോബിന് വേണ്ടി കേസ് നടത്തുന്ന ടെക്സാസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്രിസ്റ്റെൻ പ്രാറ്റ് പറഞ്ഞു.

ആരോഗ്യമേഖലയിൽ പ്രവർത്തിക്കാൻ കൂടുതൽ ജോലിക്കാരെ ആവശ്യമുള്ള സമയത്ത് ആ മേഖലയിൽ പ്രവർത്തിക്കുന്നവരോട് വിശ്വാസവും, ജോലിയും മുൻപിൽവെച്ച് അതിൽ ഏതെങ്കിലും തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നത് ശരിയായ കാര്യമല്ലെന്ന് അവർ ചൂണ്ടിക്കാട്ടി. വിരളമായ ചില അവസരങ്ങളിൽ ഗർഭ നിരോധനത്തിന് വേണ്ടി ആവശ്യപ്പെട്ട ആളുകളെ മറ്റൊരു നേഴ്സിന്റെ അടുത്തേയ്ക്കോ, സമീപത്തു തന്നെയുള്ള കമ്പനിയുടെ തന്നെ മറ്റൊരു ക്ലിനിക്കിലേക്കോ റോബിന് പറഞ്ഞു വിടേണ്ടി വന്നിട്ടുണ്ടെന്നും ക്രിസ്റ്റെൻ പ്രാറ്റ് വിശദീകരിച്ചു. മത ഇളവുകൾ നൽകാൻ വിസമ്മതിച്ചതും, ഇതിന്റെ പേരിൽ പിരിച്ചുവിട്ടതുമെല്ലാം സിവിൽ അവകാശ നിയമത്തിന് വിരുദ്ധമാണെന്നും ക്രിസ്റ്റെൻ പ്രാറ്റ് പറയുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *