തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി നിലവിൽ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ച 53 സ്കൂൾ കെട്ടിടങ്ങൾ കൂടി നാടിന് സമർപ്പിച്ചു. മൊത്തം 90 കോടി രൂപ ചെലവിട്ടാണ് 53 സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചത്. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ഒരു സ്കൂൾ കെട്ടിടത്തിന് 5 കോടി രൂപ എന്ന നിലയിൽ മൊത്തം 20 കോടി രൂപ ചെലവിട്ട് നാല് സ്കൂൾ കെട്ടിടങ്ങളും ഒരു സ്കൂൾ കെട്ടിടത്തിന് 3 കോടി രൂപ എന്ന നിലയിൽ 30 കോടി ചെലവിട്ട് 10 സ്കൂൾ കെട്ടിടങ്ങളും ഒരു സ്കൂൾ കെട്ടിടത്തിന് ഒരു കോടി രൂപ എന്ന നിലയിൽ രണ്ട് സ്കൂൾ കെട്ടിടങ്ങളും പ്ലാൻ, എം. എൽ. എ., നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി 40 കോടി രൂപ ചെലവിട്ട് നിർമ്മിച്ച 37 സ്കൂൾ കെട്ടിടങ്ങളുമാണ് യാഥാർഥ്യമായത്.
മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പൂവച്ചൽ ഗവൺമെന്റ് വി.എച്ച്.എസ്.സി യിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായാണ് ഉദ്ഘാടനചടങ്ങ് നടന്നത്.
ചടങ്ങിൽമന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി.ആർ. അനിൽ, ആന്റണി രാജു, ജി. സ്റ്റീഫൻ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ചീഫ് സെക്രട്ടറി വി.പി. ജോയ് തുടങ്ങിയവർ സംബന്ധിച്ചു.