ഇനിയും മലകയറും, ട്രാക്കിങില്‍ തുടര്‍ന്നും താല്‍പര്യമെന്ന് ബാബു

Spread the love

ഇനിയും മലകയറുമെന്നും ട്രാക്കിങില്‍ തുടര്‍ന്നും താല്‍പര്യമുണ്ടെന്നും 45 മണിക്കൂറോളം മലമ്പുഴ കുറുമ്പാച്ചി മലയിടുക്കില്‍ കുടുങ്ങി രക്ഷപ്പെട്ട യുവാവ് ആര്‍.ബാബു പി.ആര്‍.ഡിയോട് പറഞ്ഞു.. ജില്ലാ ആശുപത്രിയിലെ എമര്‍ജന്‍സി കെയര്‍ യൂണിറ്റില്‍ ഡിസ്ചാര്‍ജ്ജ് ദിവസം പ്രസന്നവദനനായിരുന്നു മലമ്പുഴ ചേറാട് സ്വദേശിയായ ബാബു. പാലക്കാട് ജില്ലാ ആശുപത്രിയിയില്‍ ചികിത്സയിലായിരുന്ന ബാബു ഇന്ന് (ഫെബ്രുവരി 11) ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന അവസരത്തില്‍ മലയിടുക്കില്‍ അകപ്പെട്ട 45 മണിക്കൂര്‍ അനുഭവം വെളിപ്പെടുത്തുകയായിരുന്നു.

കുറുമ്പാച്ചി മല ഇതിന് മുന്‍പ് രണ്ട് തവണ പകുതി വരെ കയറിയിട്ടുണ്ട്. ഇത്തവണ കയറിയത് മൂന്നാം തവണയാണ്. ആ കയറ്റം വിജയകരമായിരുന്നു. പക്ഷെ വീണുപോയി. ഫെബ്രുവരി ഏഴിന് മൂന്ന് കൂട്ടുക്കാരുമൊത്താണ ്മല കയറാന്‍ പോയത്. മലകയറി പകുതി എത്തിയപ്പോള്‍ കൂട്ടുകാര്‍ മലകയറ്റത്തില്‍ നിന്നും പിന്‍മാറുകയും ബാബു ഒറ്റക്ക് കയറ്റം തുടരുകയുമായിരുന്നു. തുടര്‍ന്ന് മലമുകളില്‍ എത്തിയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു. വീഴ്ചയില്‍ കാലിന് പരുക്ക് പറ്റിയിരുന്നു. കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നതിനാല്‍ താന്‍ മലയിടുക്കില്‍ കുടുങ്ങിയ വിവരവും കാലിലെ പരുക്കും ഫയര്‍ഫോഴ്‌സിനെയും കൂട്ടുകാരെയും അറിയിക്കാനായി. ചെറുപ്പം മുതല്‍ ചെറിയ മലകള്‍ കയറുന്ന ശീലവും ബാബുവിനുണ്ട്.

മലകയറുമ്പോള്‍ കുടിവെള്ളം കൈയില്‍ കരുതാന്‍ കഴിഞ്ഞിരുന്നില്ല. മലയിടുക്കില്‍ കുടുങ്ങിയപ്പോള്‍ പകല്‍ സമയത്തെ ചൂടും രാത്രിയിലെ തണുപ്പും മാറി മാറി അനുഭവപ്പെട്ടത് ശരീരത്തിന് ക്ഷീണം ഉണ്ടായി. ഭയം തോന്നിയിരുന്നില്ല. മലയടിവാരത്ത് രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ആളനക്കം കണ്ടിരുന്നു. അതിനാല്‍ രക്ഷപ്പെടും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ചൂട് കൂടുതലായി അനുഭവപ്പെട്ടപ്പോള്‍ ആദ്യം വഴുതി വീണ സ്ഥലത്ത് നിന്നും തൊട്ട് താഴേക്ക് മാറി നില്‍ക്കുകയായിരുന്നു. മലയിടുക്കില്‍ നിന്നും തന്നെ രക്ഷപ്പെടുത്തിയ മദ്രാസ് റെജിമെന്റിലെ കരസേനാംഗം ബാലകൃഷ്ണനെ നേരില്‍ കാണാന്‍ ആഗ്രഹം ഉണ്ടെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ എല്ലാവരോടും നന്ദിയുണ്ടെന്നും ബാബു പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *