കറുത്തിരുണ്ട പുകയേയും കത്തിയാളുന്ന തീയെയും വക വയ്ക്കാതെ കളമശ്ശേരി കിൻഫ്ര പാര്‍ക്കിലെ തീപിടിത്തം നിയന്ത്രിച്ച അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് ജില്ല കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ അഭിനന്ദനം. കിൻഫ്ര ഹൈടെക്ക് പാര്‍ക്കിലെ സുഗന്ധ വ്യഞ്ജന എണ്ണ ഉല്‍പാദന കമ്പനിയില്‍ ഉണ്ടായിരുന്ന തീ പിടിത്തം അഗ്നി രക്ഷാ പ്രവര്‍ത്തകരുടെ സമയോജിത ഇടപെടല്‍ മൂലമാണ് സമീപ കെട്ടിടങ്ങളിലേക്കു വ്യാപിക്കാതിരുന്നത്. ഇതിനെ തുടര്‍ന്ന് കിൻഫ്രയുടെയും അപകടം നടന്ന സ്ഥാപനത്തിന്റെ സമീപം പ്രവര്‍ത്തിച്ചിരുന്ന യു.ബയോ, കെയര്‍ ഓണ്‍, ടാഗ് കെമിക്കല്‍സ് സ്ഥാപനങ്ങളുടെയും പ്രശംസ പത്രവും പുരസ്കാരവും ജില്ല കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
നൂറ്റി അമ്പതോളം സേനാംഗങ്ങള്‍ ആറു മണിക്കൂറോളം ശ്രമിച്ച ശേഷമാണ് കിൻഫ്ര പാര്‍ക്കിലുണ്ടായ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സയും നേടി. പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ കയറ്റുമതിക്കായി സൂക്ഷിച്ചിരുന്ന അസംസ്കൃത വസ്തുക്കളും ഉത്പന്നങ്ങളുമാണു കത്തി നശിച്ചത്.
അഗ്നി രക്ഷാ ഉദ്യോഗസ്ഥരുടെ പ്രതിനിധികളായി ജില്ല ഫയര്‍ ഓഫീസര്‍ എസ്.ജോജി, തൃക്കാക്കര ഫയര്‍ സ്റ്റേഷൻ ഓഫീസര്‍ സതീശൻ നമ്പൂതിരി, ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷൻ ഓഫീസര്‍ രാമകൃഷ്ണൻ എന്നിവര്‍ പ്രശംസ പത്രം സ്വീകരിച്ചു. കിൻഫ്ര സോണല്‍ മാനേജര്‍ ടി.ബി അമ്പിളി , ഉദ്യോഗസ്ഥരായ എ ഷൈൻ, അഖില്‍ സുബ്രമണ്യം. യു ബയോ സി.ഇ.ഒ ഡോ.ബിഷോര്‍, കെയര്‍ ഓണ്‍ ഡയറക്ടര്‍ കോര ജെയിംസ്, ടാഗ് എം.ഡി കെ.എസ് തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു