പിണറായി ഭരണത്തില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ തുടര്‍ച്ചായി വേട്ടയാടപ്പെടുന്നുവെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം പറഞ്ഞു. സ്വാതന്ത്ര്യ സമരചരിത്രത്തിലെ കേരളത്തിന്റെ ധീരവനിത അക്കാമ്മ ചെറിയാന്റെ 113 ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കവടിയാറില്‍ രാജ്ഭവനു സമീപത്തെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രതിദിനം വര്‍ധിക്കുകയാണ്. സിപിഎം അനുഭാവികളായ സ്ത്രീകള്ക്കെതിരെപ്പോലും മുഖ്യമന്ത്രിയുടെ പോലീസ് തന്നെ സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്കുന്ന സ്ഥിതിവിശേഷമാണ് കാണുന്നത്. പോലീസ് സേനയിലെ സ്ത്രീകളുടെ അവസ്ഥയും പരിതാപകരമാണ്. കണ്ണൂര്‍ മാതമംഗലത്ത് സി ഐടിയു ഊരുവിലക്ക് ഏര്‍പ്പെടുത്തിയ കടയില്‍ നിന്നും സാധനം വാങ്ങിയതിന് മര്‍ദ്ദിച്ച പ്രതിയെ പാര്‍ട്ടി ഓഫീസില്‍ നിന്നും കസ്റ്റഡിയിലെടുത്തതിന് വനിതാ എസ് ഐയെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണ് സിപിഎം നേതാക്കള്‍. കാക്കിക്കുള്ളിലെ സ്ത്രീകള്‍ക്ക് പോലും സുരക്ഷിതത്വമില്ലെങ്കില്‍ നമ്മുടെ നാട്ടിലെ സാധാരണ സ്ത്രീജനങ്ങളുടെ അവസ്ഥ എത്ര പരിതാപകരമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ പലപ്പോഴും നിലവിലെ സംവിധാനങ്ങള്‍ക്ക് കഴിയാതെ പോകുന്നുയെന്നും ബല്‍റാം പറഞ്ഞു.
ദേശീയതലത്തിലും സ്ത്രീ സുരക്ഷ വെല്ലുവിളി നേരിടുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 2021 ലാണെന്ന് ദേശീയ വനിതാ കമ്മീഷന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ ഏറിയ പങ്കും യോഗിയുടെ യുപിയില്‍ നിന്നുമാണെന്നതാണ് അതില്‍ ശ്രദ്ധേയം. മാന്യമായി ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശം കേന്ദ്ര-സംസ്ഥാന ഭരണത്തിന് കീഴില്‍ കശാപ്പു ചെയ്യപ്പെടുന്നു.
സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ തിരുവിതാംകൂറിലെ ഇതിഹാസതുല്യമായ നേതൃസാന്നിധ്യമായിരുന്നു അക്കാമ്മ ചെറിയാന്. അക്കാമ്മയുടെ ധീരത തിരിച്ചറിഞ്ഞ മഹാത്മാഗാന്ധിയാണ് അവരെ തിരുവിതാംകൂറിലെ ഝാന്‍സി റാണിയെന്ന് വിശേഷിപ്പിച്ചത്. സമാനതകളില്ലാത്ത പോരാട്ടവീര്യത്തിന്റെയും രാജ്യത്തിന് വേണ്ടിയുള്ള സമര്‍പ്പിത ജീവിതത്തിന്റെയും മാതൃകയായ അക്കാമ്മ ചെറിയാന്റെ സ്മരണ സ്ത്രീ ശാക്തീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതാണെന്നും വി.ടി. ബല്‍റാം പറഞ്ഞു.
കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജിഎസ് ബാബു, പഴകുളം മധു, ജി.സുബോധന്‍, എംഎ നസീര്‍, ട്രഷറര്‍ വി.പ്രതാപചന്ദ്രന്, ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.