നേമം മണ്ഡലത്തിലെ റവന്യൂ സംബന്ധമായ വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നടപടി

Spread the love

പ്രശ്നപരിഹാരത്തിന് ജില്ലാ കളക്ടർക്ക്‌ ചുമതല നൽകി മന്ത്രിമാർ പങ്കെടുത്ത യോഗം.

നേമം മണ്ഡലത്തിലെ റവന്യൂ സംബന്ധമായ വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നടപടി. നേമം മണ്ഡലത്തിലെ എംഎല്‍എ കൂടിയായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും റവന്യൂ മന്ത്രി കെ രാജനും പങ്കെടുത്ത യോഗമാണ് നേമം മണ്ഡലത്തിലെ റവന്യൂ സംബന്ധമായ വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കാൻ തീരുമാനങ്ങൾ കൈക്കൊണ്ടത്.

പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് തിരുവനന്തപുരം ജില്ലാ കളക്ടർ നവജോത് ഖോസ ഐ എ എസിനെ ചുമതലപ്പെടുത്തി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങളും പട്ടയ വിതരണത്തിനായുള്ള നടപടികളും ഊർജ്ജിതമാക്കും.

നേമം മണ്ഡലത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങളായ തിരുമല – തൃക്കണ്ണാപുരം റോഡിന്റെയും കരമന – വെള്ളറട റോഡിന്റെയും വികസനത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ, മുടവൻമുഗൾ പാലം, പള്ളത്തുകടവ് പാലം എന്നിവയ്‌ക്ക് സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ, മണ്ഡലത്തിലെ പട്ടയ വിതരണം, മണ്ഡലത്തിൽ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട് ഐ ടി ഐ ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾക്കായി സ്ഥലം ലഭ്യമാക്കൽ, തിരുവല്ലം വാഴമുട്ടത്ത് ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന പാറ പൊട്ടിച്ചു മാറ്റുന്നതിനാവശ്യമായ നടപടികൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു.

തിരുമല – തൃക്കണ്ണാപുരം റോഡിന്റെ വികസനത്തിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടി ഒക്ടോബറിൽ പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പരാതികൾ രമ്യമായി പരിഹരിക്കും.

മുടവൻമുകൾ പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായ എക്സ്പെർട്ട് കമ്മിറ്റിയുടെ നടപടികൾ രണ്ടു മാസത്തിനകം പൂർത്തിയാകും. ഒക്ടോബറിൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കും.

പള്ളത്തുകടവ് പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികളുടെ ഭാഗമായ സാമൂഹിക ആഘാത പഠനത്തിനായുള്ള ഏജൻസിയെ തിരഞ്ഞെടുക്കാനുള്ള ടെൻഡർ ഈ മാസം 19 ന് തുറക്കും. സ്ഥലം ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കും.

കരമന – വെള്ളറട റോഡ് വികസനത്തിനായുള്ള സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സർവേയർമാരുടെ ഒരു പ്രത്യേക ടീം രൂപീകരിക്കും. നേമം മണ്ഡലത്തിൽ തൊഴിൽ വകുപ്പിന് കീഴിൽ ഒരു ഐടിഐ ഉൾപ്പെടെ ആരംഭിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കും. നേമം മണ്ഡലത്തിലെ അർഹതപ്പെട്ടവർക്ക് പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കും. വാഴമുട്ടത്ത് ജനങ്ങൾക്ക് ഭീഷണിയായി നിലകൊള്ളുന്ന പാറ നീക്കം ചെയ്യുന്നതിന് വേണ്ട നടപടി സ്വീകരിക്കും.

യോഗത്തിൽ മന്ത്രിമാർക്ക് പുറമേ തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലാൻഡ് റവന്യൂ കമ്മീഷണർ കെ ബിജു, ദുരന്തനിവാരണ കമ്മീഷണർ ഡോ. എ.കൗശികൻ, തിരുവനന്തപുരം ജില്ലാ കളക്ടർ നവജോത് ഖോസ, ട്രെയിനിങ് വകുപ്പ് അഡീഷണൽ ഡയറക്ടർ നഹാസ്, എംപ്ലോയ്മെന്റ് വകുപ്പ് അഡീഷണൽ ഡയറക്ടർ ജോർജ് ഫ്രാൻസിസ്, ഒഡേപെക് മാനേജിങ് ഡയറക്ടർ അനൂപ് തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *