കാലാവസ്ഥാ മുന്നൊരുക്കവും പകര്‍ച്ചവ്യാധി പ്രതിരോധവും സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം – ജില്ലാ കലക്ടര്‍

Spread the love

കുളങ്ങളും തോടുകളും മറ്റ് ജലാശയങ്ങള്‍, കിണറുകള്‍ എന്നിവയെല്ലാം ശുദ്ധമാക്കും. കാലവര്‍ഷത്തിന്റെ തുടക്കത്തിലുള്ള മഴവെള്ളം പരമാവധി സംഭരിക്കുന്നതിന് ജലസേചന വകുപ്പ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയെ ചുമതലപ്പെടുത്തി.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വകുപ്പും ജില്ലാതല നോഡല്‍ ഓഫീസറെ നിയോഗിച്ച് പ്രവര്‍ത്തിക്കണം. അത്യാഹിത സാഹചര്യങ്ങളിലേക്കുള്ള വാഹനങ്ങള്‍, ജനറേറ്ററുകള്‍, ക്രയിനുകള്‍, മണ്ണുമാന്തികള്‍ തുടങ്ങിയവയുടെ പട്ടിക സമര്‍പിക്കാന്‍ ആര്‍. ടി. ഒ യെ ചുമതലപ്പെടുത്തി.

ദുരിതാശ്വസ ക്യാമ്പുകളായി നിശ്ചയിച്ചിട്ടുളള കെട്ടിടങ്ങളിലെ സൗകര്യങ്ങള്‍ റവന്യൂ -തദ്ദേശസ്വയംഭരണ വകുപ്പുകള്‍ സംയുക്തമായി പരിശോധിച്ച് ഉറപ്പ് വരുത്തണം. ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ മുന്‍കൂര്‍ അറിയിപ്പ് നല്‌കേണ്ടതാണ്.

ഭിന്നശേഷിക്കാരുടെ പട്ടിക സാമൂഹികനീതി വകുപ്പ് ദുരന്തനിവാരണ അതോറിറ്റിയ്ക്ക് കൈമാറണം. അടിയന്തരഘട്ടങ്ങളില്‍ ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ആദ്യ പരിഗണന നല്‍കിയാകും പ്രവര്‍ത്തനങ്ങള്‍.

അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചുമാറ്റുന്നതിന് ബന്ധപ്പെട്ട വകുപ്പുകളും സ്ഥാപനങ്ങളും നടപടിയെടുക്കണം. സ്വകാര്യഭൂമിയിലുള്ളവ ഉടമസ്ഥരാണ് മുറിക്കേണ്ടത്. റോഡുകളുടെ അറ്റകുറ്റപണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം. കാല്‍നടയാത്രക്കാരുടെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി – പൊളിഞ്ഞ് കിടക്കുന്ന ഓടകളുടെ സ്ലാബുകള്‍ മാറ്റിസ്ഥാപിക്കുന്നതിനും നിര്‍ദേശിച്ചു.

പുഴക്കടവുകളിലും ബീച്ചുകളിലും അപകടകരമായ കയം/നീര്‍ച്ചുഴിയുളള പ്രദേശങ്ങളിലും അപകട സൂചനാ ബോര്‍ഡുകള്‍ വിനോദസഞ്ചാര വകുപ്പ് സ്ഥാപിക്കണം. മലയോരമേഖലയിലെ റോഡുകള്‍ക്ക് കുറുകെ ചെറിയചാലുകളിലൂടെ മലവെള്ളപാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാനിടയുള്ളതിനാല്‍ ഇവിടങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തരുത് , സൂചനാ ബോര്‍ഡുകളും സ്ഥാപിക്കാന്‍ നിര്‍ദേശിച്ചു. പരസ്യ ഹോര്‍ഡിങ്ങുകളുടെ സുരക്ഷ തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം.

ജില്ലയിലെ എല്ലാ സ്‌കൂളുകളുടെയും ആശുപത്രികളുടെയും ഫിറ്റ്‌നസ് തദ്ദേശസ്വയംഭരണ പൊതുമരാമത്ത് എഞ്ചിനീയര്‍, പൊതുമരാമത്ത് വകപ്പ് എഞ്ചിനീയര്‍ എന്നിവര്‍ പരിശോധിച്ച് ഉറപ്പു വരുത്തണം. പ്രളയസമാനമായ സാഹചര്യത്തില്‍ ഒഴിപ്പിക്കല്‍-രക്ഷാപ്രവര്‍ത്തനങ്ങളുടെ ചുമതല പൊലിസാണ് നിര്‍വഹിക്കേണ്ടത്. എല്ലാ താലൂക്കിലും അഗ്‌നിശമന സേനയുടെയോ പോലീസിന്റെയോ ടവര്‍ ലൈറ്റും സ്ഥാപിക്കണം.

ഭിത്തികള്‍ക്കുളള കേടുപാടുകള്‍ ജലസേചന വകുപ്പ് കണ്ടെത്തി തുടര്‍നടപടി സ്വീകരിക്കണം. കല്ലട അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കേണ്ടപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചുവെന്ന് ഉറപ്പാക്കണം. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മത്സ്യത്തൊഴിലാളികളെ അറിയിക്കേണ്ടത്. ഫിഷറീസ് വകുപ്പാണ്.

തുടര്‍ച്ചയായി മഴപെയ്യുന്ന ദിവസങ്ങളില്‍ ജില്ലയിലെ മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം.

എല്ലാ താലൂക്കിലും അടിയന്തിരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി നിശ്ചിത അളവിലുള്ള അവശ്യഭക്ഷ്യവസ്തുക്കള്‍ കരുതണം. ജാഗ്രതാ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുളള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ശക്തമായ മഴക്കാലത്ത് വനത്തിനുള്ളില്‍ വസിക്കുന്നവര്‍ക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍പട്ടിക വര്‍ഗ്ഗ വികസന വകുപ്പുമായി ചേര്‍ന്ന് വനം വകുപ്പ് ലഭ്യമാക്കണം. എല്ലാ പാലങ്ങളുടെയും സുരക്ഷ പരിശോധിച്ച് ആവശ്യമായവയില്‍ ഗതാഗതനിയന്ത്രണം ആവശ്യമെങ്കില്‍ പൊതുമരാമത്ത് വകുപ്പ് വിവരം കൈമാറണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

യോഗത്തില്‍ സബ് കലക്ടര്‍ മുകുന്ദ് ഠാകൂര്‍, എ ഡി എം സി എസ് അനില്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *