സംരംഭകത്വ വികസനത്തിന് കൈതാങ്ങായി കെ.എഫ്.സി

Spread the love

മികവോടെ മുന്നോട്ട്- 07ഇതുവരെ 112 കോടി രൂപ വായ്പ നൽകി
കേരളത്തിലെ സംരംഭകർക്കും നൂതന പദ്ധതികൾ ആവിഷ്‌കരിക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച വായ്പ നൽകുന്ന സർക്കാരിന്റെ അഭിമാനസ്ഥാപനമാണ് കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി). കെ.എഫ്.സിയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സംരംഭകത്വ വായ്പാ പദ്ധതി കേരളത്തിലെ സംരംഭകർക്ക് മികച്ച കൈത്താങ്ങ് നൽകുന്ന നിലയിലേക്ക് മാറിയിട്ടുണ്ട്.
സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട ഇടത്തരം വ്യവസായ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 2020 ജൂലൈയിലാണ് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെന്ന വായ്പാ പദ്ധതി കെ.എഫ്.സി ആവിഷ്‌കരിച്ചത്. ഏഴു ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെ സംരംഭങ്ങൾക്ക് വായ്പ നൽകുന്ന പദ്ധതിയായാണ് ഇത് തുടങ്ങിയത്. തുടർന്ന് 2021 നവംബറിൽ സംരംഭകർക്ക് കൂടുതൽ സഹായങ്ങൾ നൽകാനായി ഒരു കോടി രൂപ വരെ വായ്പ അഞ്ചു ശതമാനം പലിശയ്ക്ക് നൽകുന്ന തരത്തിലേക്ക് മുഖ്യമന്ത്രിയുടെ സംരംഭത്വ സഹായ പദ്ധതിയെ പരിഷ്‌കരിച്ചത് പദ്ധതിയെ കൂടുതൽ ആകർഷകമാക്കാനും സംരംഭകർക്ക് കൂടുതൽ ആശ്വാസമേകാനും ഉപകരിച്ചു.
അടുത്ത അഞ്ചു സാമ്പത്തിക വർഷക്കാലത്ത് ഓരോ വർഷവും 500 സംരംഭങ്ങൾക്ക് വായ്പ നൽകി അഞ്ചു വർഷംകൊണ്ട് 2500 സംരംഭങ്ങൾക്ക് വായ്പ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പുനരാവിഷ്‌ക്കരിച്ചത്. പദ്ധതി പ്രകാരം ഇതുവരെ സംസ്ഥാനത്ത് 1954 സംരംഭങ്ങൾക്കായി 112 കോടി രൂപ വായ്പയായി നൽകിയിട്ടുണ്ട്.
സൂക്ഷ്മ ചെറുകിട ഇടത്തരം യൂണിറ്റുകൾ, കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത 10 വർഷത്തിൽ കുറയാത്ത സ്റ്റാർട്ട് അപ്പുകൾ, പ്രവാസികളുടെ സംരംഭങ്ങൾ, കൃഷി, കോഴി വളർത്തൽ, മത്സ്യകൃഷി തുടങ്ങിയ മേഖലകളിലുള്ള സംരംഭകർക്ക് പദ്ധതി പ്രകാരം വായ്പ ലഭിക്കും. ആവശ്യമായ രേഖകൾ സഹിതം www.kfc.org ൽ ഓൺലൈനായി അപേക്ഷിക്കാം. വിശദാംശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. കെ.എഫ്.സിയുടെ ബ്രാഞ്ച് ഹെഡ് ചെയർപേഴ്സണും വ്യവസായ ബാങ്കിങ് വിദഗ്ധരും കെ.എഫ്.സിയുടെ നോഡൽ ഓഫിസറും അടങ്ങുന്ന കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്തുക. അഞ്ചുദിവസത്തെ സമഗ്ര സംരംഭകത്വ വികസന പരിശീലനവും മാർഗനിർദേശവും നൽകുന്നുണ്ട്.
50 വയസിൽ താഴെ ആയിരിക്കണം മുഖ്യ സംരംഭകന്റെ പ്രായപരിധി. പട്ടികജാതി പട്ടികവർഗ്ഗ സംരംഭകർക്കും വനിത സംരംഭകർക്കും പ്രവാസി സംരംഭകർക്കും പ്രായപരിധി 55 വയസുവരെയാണ്. പുതിയ സംരംഭങ്ങൾക്ക് പുറമെ നിലവിലുള്ള സംരംഭങ്ങൾ ആധുനികവൽക്കരിക്കാനും വായ്പ അനുവദിക്കും. പദ്ധതി ചെലവിന്റെ 90 ശതമാനം വരെ വായ്പ ലഭിക്കും. അതേസമയം, പുതിയ പദ്ധതികൾക്ക് ഒരു കോടിക്ക് മുകളിലും വായ്പാ തുക അനുവദിക്കും. ഒരു കോടി രൂപ വരെ പ്രത്യേക പലിശ നിരക്കും അതിനു മുകളിലുള്ള തുകയ്ക്ക് കെ.എഫ്.സിയുടെ സാധാരണ പലിശ നിരക്കും ഈടാക്കും. 10 വർഷത്തിനുള്ളിൽ വായ്പ തിരിച്ചടച്ചാൽ മതി. ഇതിൽ അഞ്ചു വർഷം പലിശ സബ്‌സിഡി ലഭിയ്ക്കും. സംരംഭകർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾക്കും സഹായങ്ങൾക്കും 1800 890 1030 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.
ചുരുങ്ങിയ കാലത്തിനുള്ളിൽ സംസ്ഥാനത്ത് 112 കോടി രൂപ വായ്പയായി നൽകാനായത് തിളക്കമാർന്ന നേട്ടമാണ്. പുതിയ സംരംഭകർക്ക് തങ്ങളുടെ ആശയങ്ങൾ നടപ്പാക്കാനും, നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുമുള്ള സുപ്രധാന ചുവടുവെയ്പ്പാകുകയാണ് ഈ പദ്ധതി.

Author

Leave a Reply

Your email address will not be published. Required fields are marked *